തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു.  ഇന്ന് പുലര്‍ച്ചെ മരിച്ച തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി ബാബുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ബാധിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 

ഇന്നലെ മരിച്ച തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസിനും കൊവിഡ് സ്ഥിരീകരിച്ചു. കിടപ്പ് രോഗിയായ ട്രീസക്ക് 60 വയസ്സായിരുന്നു. കൊവിഡ് ആന്‍റിജന്‍ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്ന ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റും മുമ്പേ മരണം സംഭവിച്ചു. കൊവിഡ് പ്രോട്ടോക്കോൾ  അനുസരിച്ച് സംസ്‌ക്കാരം നടത്തി. ഇവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്. 

തലസ്ഥാനത്ത് കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്. നഗരത്തിൽ ഇന്ന് രണ്ട് പൊലീസുകാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ‍ ഡ്രൈവർക്കും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിൽ മാത്രം 25 പൊലീസുകാരാണ് കൊവിഡ് പോസിറ്റീവായത്.