തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നേമം കല്ലിയൂര്‍ സ്വദേശി ജയാനന്ദനാണ് മരിച്ചത്. 53 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം. ഇതോടെ ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 11 മരണങ്ങളാണ്. തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ച 1169 പേരിൽ ഏറ്റവും കൂടുതൽ രോഗബാധിതര്‍ ഇന്നും തിരുവനന്തപുരം ജില്ലയിലാണ്. 377 പേര്‍ക്കാണ് ഇന്ന് ജില്ലയിൽ രോഗബാധയുണ്ടായത്.

377 രോഗികളിൽ  363 പേര്‍ക്കും സമ്പ‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 10 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിലെ പൂന്തുറ അടക്കമുള്ള ലാര്‍ജ് ക്ലസ്റ്ററിൽ നിന്നും രോഗം പുറത്തേക്കും പടരുകയാണ്.  ബണ്ട് കോളനിയിലെ രോഗബാധ നഗരമധ്യത്തിൽ പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുന്നതിന്‍റെ സൂചനയാണ് നൽകുന്നത്.