മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ആൾ ഇന്ന് വീട്ടിലേക്ക് മടങ്ങും. വിദഗ്ധ ചികിത്സക്ക് ശേഷം കൊവിഡ് രോഗവിമുക്തനായ കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശി പാറയില്‍ അബ്ദുള്‍ ഫുക്കാര്‍  ആണ് ഇന്ന് ആശുപത്രി വിടുന്നത്. 

തുട‍‍ർച്ചയായുള്ള മൂന്ന് ടെസ്റ്റിലും രോഗം ഭേദമാകുകയും തുടര്‍ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഇയാളുടെ ആരോഗ്യാവസ്ഥ തൃപ്തികരമായതിനാലുമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടക്കി അയക്കുന്നത്. അടുത്ത 14 ദിവസം ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. 

അതേസമയം കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ലാബിന്  ഐ.സി.എം.ആറിന്റെ പ്രവര്‍ത്തനാനുമതി കിട്ടിയതോടെയാണ് പ്രവ‍ത്തനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം 12- ആയി ഉയ‍‍ർന്നു. 

ലോക്ക്ഡൗണിന് പിന്നാലെ അടച്ചിട്ട കരിപ്പൂ‍ർ  അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവ‍‍ർത്തനം ഭാ​ഗീകമായി ആരംഭിച്ചു. കാർഗോ വിമാനങ്ങളാണ് ഇവിടെ നിന്നും സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. സ്പൈസ് ജെറ്റ് കാർഗോ, ഫ്ളൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളാണ് UAE യിൽ നിന്ന് കരിപ്പൂരേക്ക് സർവ്വീസ് തുടങ്ങിയത്. ലോക്ക് ഡൗണിനെ തുട‍ർന്ന് നിശ്ചലമായ മലബാറിലെ കയറ്റുമതിക്ക് മേഖലയ്ക്ക് ഇതു നേരിയ ആശ്വാസം നൽകും.