തിരുവനന്തപുരം: ആറ്റിങ്ങല്‍ ദേശീയപാതയില്‍ പൂവമ്പാറയ്ക്ക് സമീപം സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് മരിച്ചു.  ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മുടപുരം എന്‍ഇഎസ് ബ്ലോക്ക് തനൂജമന്‍സിലില്‍ നൗഷാദ് (34) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. സുഹൃത്തിന്‍റെ വാഗണര്‍കാറില്‍ കൊല്ലത്തുപോയി മടങ്ങുമ്പോഴാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.  

നൗഷാദിന്‍റെ കൂടെ കാറിലുണ്ടായിരുന്ന ഷമീര്‍ (34),സതീഷ്‌കുമാര്‍ (46) എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്. തടികയറ്റി കൊല്ലംഭാഗത്തേയ്ക്ക് പോയ ലോറിയെ ബസ് ഓവര്‍ടേക്ക് ചെയ്ത് കയറുമ്പോഴായാരുന്നു അപകടം. അപകടത്തില്‍ വാഗണര്‍കാര്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.