കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് (38) സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഇന്ന് പൂന്തുറ സ്വദേശിക്കും (35), ശാസ്തമംഗലം സ്വദേശിനിക്കും (41) സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകർ‌ക്കും അവരുമായി സമ്പർക്കത്തിൽ വന്നവർക്കുമാണ് ഇതുവരെ സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നത്. പാറശ്ശാല സ്വദേശിനിയായ ​ഗർഭിണിയായ യുവതിയിലാണ് ആദ്യം സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona