കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മരിച്ചു; മരണ സംഖ്യ 2 ആയി
സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനാ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.