പാവറട്ടി:തൃശ്ശൂർ പാവറട്ടിയിൽ യുവാവ് എക്സൈസ് കസ്റ്റ‍ഡിയിൽ മരിച്ച കേസിൽ പ്രതി ബെന്നി പൊലീസിൽ കീഴടങ്ങി. എക്സൈസ്  ഉദ്യോഗസ്ഥനായ ഇയാൾ ഒളിവിൽ ആയിരുന്നു. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം ആറായി. എന്നാൽ എക്സൈസ് പ്രിവന്റീവ് ഓഫീസറായ ഉമ്മറിനെ പിടികൂടാൻ ഇതുവരെ അന്വേഷണസംഘത്തിനായിട്ടില്ല. മുഖ്യപ്രതിയായ ഇയാൾ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന.
 
ഒക്ടോബർ മൂന്നിനാണ് രഞ്ജിത്ത് കുമാർ എക്സൈസ് കസ്റ്റഡിയിൽ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായി  പിടികൂടിയ രഞ്ജിത്ത് വൈകുന്നേരം പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാല് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാൻ പ്രതി ശ്രമിച്ചിരുന്നെന്നുമാണ്  എക്സ് സൈസ് ഉദ്യോഗസ്ഥർ നല്‍കിയ വിശദീകരണം. എന്നാൽ തലയ്ക്കും മുതുകിനും ഏറ്റ ക്രൂരമർദ്ദനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. 

എക്സൈസ് സിവില്‍ ഓഫീസര്‍മാരായ മഹേഷ്,സ്മിബിൻ, എക്സൈസ് പ്രിവൻറീവ് ഓഫീസര്‍മാരായ അനൂപ്,ജബ്ബാര്‍, സിവില്‍ഓഫീസര്‍ നിതിൻ എന്നിവരാണ് കേസിൽ ഇതു വരെ അറസ്റ്റിലായത്. പ്രതികൾക്കായി അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഡിഐജി എസ് സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേസ് സിബിഐ ഏറ്റെടുക്കും വരെ നിലവിലെ സംഘം തന്നെ ആകും കേസന്വേഷണം നടത്തുക.

പാവറട്ടി കസ്റ്റഡി കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ സംസ്ഥാന മന്ത്രി സഭ തീരുമാനിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ  റിപ്പോർട്ട് ചെയ്താൽ ആ കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറാനും തീരുമാനം ആയിരുന്നു.