ദില്ലി: അൽഖ്വയ്ദ കേസിൽ ഒരാളെ കൂടി  ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. അബ്ദുൾ മോമിൻ മൊണ്ടാൾ എന്നയാളെയാണ് എൻഐഎ പിടികൂടിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേരത്തേ എൻഐഎ നടത്തിയ റെയ്ഡിൽ പശ്ചിമബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മൊണ്ടാളിനേയും അറസ്റ്റ് ചെയ്തത്. 

മുർഷിദാബാദിലെ റായ്പൂർ ദാരൂർ ഹുദ ഇസ്ലാമിയ മദ്രസയിൽ ഇയാൾ അധ്യാപകമായി ജോലിചെയ്ത് വരികയായിരുന്നു. ഇയാൾ അൽഖ്വയ്ദ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നതായി എൻഐഎ വ്യക്തമാക്കി. സംഘടനിയിലേക്ക് പുതിയ അംഗങ്ങളെ ഇയാൾ റിക്രൂട്ട് ചെയ്തിരുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയതായും എൻഐഎ അറിയിച്ചു. സപ്തംബർ 11 ന് ദില്ലിയിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.