കോട്ടയം: കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.

ഇതില്‍ മാതാവിന്‍റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇവരെ നാല് പേരെ കൂടാതെ 10 പേരാണ് കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

ഇവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതിയിലാണ് കേരളം. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്‍റെ മാതാപിതാക്കൾക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്. കോട്ടയത്തെ നാല് പേര്‍ക്ക് പുറമെ പത്തനംതിട്ടയിൽ 7 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാർക്ക് പ്രായത്തിന്‍റേതായ അവശത കൂടിയുളളതിനാൽ ഇവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയിലാണെന്ന് മന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക