എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്‍ഖാദര്‍ ആണ് മരിച്ചത്
തൃശ്ശൂർ: റോഡിലേക്ക് വീണ മരച്ചില്ല മുറിക്കുന്നതിനിടെ വനം വകുപ്പ് ഇഡിസി അംഗത്തിന് ദാരുണാന്ത്യം. തൃശ്ശൂർ ചിമ്മിനിയിലാണ് സംഭവം. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്‍ഖാദര്‍ ആണ് മരിച്ചത്. വൈദ്യുത കമ്പികള്‍ക്കു മുകളില്‍ വീണ മരം മുറിച്ച് മാറ്റുന്നതിനിടെ മരച്ചില്ല തലയിൽ ഇടിച്ചാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വനം, കെഎസ്ഇബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാരിന്റെ ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണ് ഒരുജീവന്‍ നഷ്ടപ്പെട്ടതെന്നും ഇതിന് സര്‍ക്കാര്‍ തന്നെ പരിഹാരം കാണണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രാദേശിക ജനപ്രതിനിധികളും വരന്തരപ്പിള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തുണ്ട്. ഇരുട്ടായിതുടങ്ങിയിട്ടും പ്രതിഷേധക്കാര്‍ ഉപരോധം തുടരുകയാണ്. തീരുമാനം ആകാതെ ഉദ്യോഗസ്ഥരും സ്ഥലത്തുനിന്നും പോകരുതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
