സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. 

മൂന്ന് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തത്.

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡിഅപേക്ഷ നാളെ പരി​ഗണിക്കും, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

അതേസമയം ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരി​ഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ബോംബ് നിർമാണത്തിൽ കൂടുതൽ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങളും പൊലീസ് പരിശോധിക്കും. 

കൊച്ചിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ആരോപണമുണ്ട്. സേനയിലെ അംഗബലം കൂട്ടാതെ ഒന്നും നടക്കില്ലെന്നാണ് പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്. സുരക്ഷയൊരുക്കാന്‍ കൊച്ചി കമ്മീഷണറേറ്റിലെ 30 പൊലീസ് സ്റ്റേഷനുകളിലായി ആകെയുള്ളത് 2000ത്തോളം പൊലീസുകാര്‍ മാത്രം. അടിസ്ഥാന സൗകര്യങ്ങളിലെങ്കിലും സ്മാര്‍ട്ട് ആവണമെന്ന് പൊലീസുകാരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം