കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തി.  

കാസർകോട്: വണ്ട് ശ്വാസനാളത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. ചെന്നിക്കര സ്വദേശികളായ സത്യേന്ദ്രൻ, രഞ്ജിനി ദമ്പതികളുടെ മകൻ അൻവേദാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് കുട്ടിയുടെ മരണകാരണം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ അൻവേദ് പെട്ടെന്ന് മുഖംപൊത്തി നിലത്തിരുന്നു. ശ്വാസം കിട്ടാതെ കുഴഞ്ഞ കുഞ്ഞിന്‍റെ ബോധം നഷ്ടമായി. 

വീട്ടിലെ കൂട്ട നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. ആദ്യം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ കുട്ടിയെ പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ചെന്നിക്കര പൊതുശ്മശാനത്തിൽ കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചു. അൻവേദിന് രണ്ട് വയസുള്ള സഹോദരനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.