വരും ദിവസങ്ങളിൽ വില കുറഞ്ഞില്ലെങ്കിൽ സന്നിധാനത്തും ഉള്ളി കിട്ടാക്കനിയാകും
പമ്പ: ഉള്ളിയുടെയും സവാളയുടെയും വിലവർധന ശബരിമലയിലെ അന്നദാനത്തെ ബാധിക്കുമെന്ന് ആശങ്ക. ഇരുപത്തി അയ്യായിരത്തിലധികം പേർക്കാണ് ദിവസം മുഴുവൻ സൗജന്യ ഭക്ഷണം ദേവസ്വം ബോർഡ് നൽകുന്നത്. വിലവർധനയെ തുടർന്ന് പച്ചക്കറിക്ക് കൂടുതൽ തുക വേണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടുകഴിഞ്ഞു. തീർഥാടകരുടെ വരവ് കൂടിയതോടെ അന്നദാനത്തിനും തിരക്കേറിയിട്ടുണ്ട്.
'24 മണിക്കൂറും ദേവസ്വം ബോർഡ് തീർത്ഥാടകർക്കായി ഭക്ഷണം ഒരുക്കുന്നു, ആളുകളിൽ നിന്ന് സംഭാവന വാങ്ങിയാണ് അന്നദാനം നടത്തുന്നത്, ഉള്ളിയുടെയും സവാളയുടെയും വില നൂറ് രൂപയ്ക്ക് മുകളിൽ എത്തിയതോടെ ഭക്ഷണമൊരുക്കാൻ ചിലവേറുകയാണ്, പമ്പയിൽ നിന്നും ട്രാക്ടറിൽ പച്ചക്കറി സന്നിധാനത്ത് എത്തുമ്പോൾ തീവിലയാകും' ഭക്ഷണശാല നടത്തിപ്പുകാരൻ സുജാതൻ പറയുന്നതിങ്ങനെയാണ്.
അയ്യപ്പസേവാ സംഘവും തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ഇവിടെയും ഉള്ളിയുടെ വിലവർധന പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വില കുറഞ്ഞില്ലെങ്കിൽ സന്നിധാനത്തും ഉള്ളി കിട്ടാക്കനിയാകും.
