തിരുവനന്തപുരം: വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ ഭീഷണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെങ്ങും പ്രതിഷേധ സ്വരം ഉയരുകയാണ്. അധികാരം ബിജെപിയെ അന്ധരാക്കിയെന്നും അടൂരിനെതിരെ ഈ കാടത്തം വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് ഒന്നടങ്കം സംരക്ഷിക്കാനായെത്തുമെന്നും വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി.

ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍

ന്യൂനപക്ഷവിഭാഗത്തിനും ദളിതര്‍ക്കുമെതിരേ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രധാനമന്ത്രിക്ക് രാജ്യത്തെ  പ്രമുഖരായ 49 സാംസ്‌കാരിക നായകരോടൊപ്പം തുറന്ന കത്തെഴുതിയ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ ഭീഷണി മുഴക്കിയ ബിജെപിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു.

ഇന്ത്യയുടെ  അഭിമാനം വാനോളം ഉയര്‍ത്തിയ ചലച്ചിത്ര സംവിധായകനായ അടൂരിനെപ്പോലെയുള്ള ഒരാളോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞ ബിജെപിയുടെ കാടത്തം വിലപ്പോകില്ല. സാംസ്‌കാരിക പ്രവര്‍ത്തകരോട് രാജ്യംവിട്ടുപോകാന്‍ പറയാനുള്ള ചങ്കൂറ്റം ബിജെപി കാട്ടിയത് അധികാരം അവരെ അന്ധരാക്കിയതുകൊണ്ടാണ്. അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും അതു പ്രകടിപ്പിക്കുവരെ സംരക്ഷിക്കാനും കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊല്ലപ്പെട്ടവരാണ് പ്രശസ്ത എഴുത്തുകാരന്‍ ഗോവിന്ദ് പന്‍സാരെ, മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷ്, സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍, മുന്‍ വൈസ് ചാന്‍സലര്‍ എംഎം കല്‍ബുര്‍ഗി തുടങ്ങിയവര്‍. ആള്‍ക്കൂട്ട ആക്രമങ്ങള്‍മൂലം 2016ല്‍ രാജ്യത്ത് 840 പേര്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ ശിക്ഷിക്കപ്പെട്ട സംഭവങ്ങള്‍ വളരെ കുറവാണെന്നുമാണ് സാംസ്‌കാരിക നായകര്‍ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് വീണ്ടും അക്രമങ്ങള്‍ ഉണ്ടാകുന്നു.
 
മോദി സര്‍ക്കാര്‍ വീണ്ടും അധികാരം ഏറ്റെടുത്തതിനെ തുടര്‍ന്ന് ആള്‍ക്കൂട്ട കൊലപാതത്തിന്റെയും അസഹിഷ്ണുതയുടെയും നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് അറുതിവേണമൊണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കുതിനു പകരം തെറ്റ് ചൂണ്ടിക്കാട്ടുവരെയെല്ലാം രാജ്യത്തുനിന്ന് ഓടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അതു വിലപ്പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.