നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്. പൊലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

തിരുവനന്തപുരം: അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നൽകിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്. പൊലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പൊലീസ് നടപടികളാണു കേരളം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനെതിരേ ഡിജിപിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും. ഇതു തടയാന്‍ ഒരു പ്രോസിക്യൂഷന്‍ നടപടിക്കും സാധ്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിപിഎമ്മുകാരെയും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പൊലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പൊലീസിന്റെ തൊലിയുരിഞ്ഞുപോകും. ഈ പൊലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെപിസിസി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.