Asianet News MalayalamAsianet News Malayalam

'കര്‍ഷകരെ കേള്‍ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല'; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

'ജയ്‍ ജവാന്‍ ജയ്‍ കിസാന്‍' എന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലൂടെ ഇന്ത്യ വിളിച്ച മുദ്രാവാക്യമാണ്. എന്നാല്‍, കര്‍ഷകവിരോധമാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Oommen Chandy against modi government
Author
Delhi, First Published Nov 29, 2020, 4:53 PM IST

ദില്ലി: രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കര്‍ഷകര്‍ ദില്ലിയില്‍ എത്താതിരിക്കാന്‍ യുദ്ധസമാനമായ അന്തരീക്ഷം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചു. കര്‍ഷകരെ കേള്‍ക്കാന്‍ മോദി ഭരണകൂടം തയാറാകുന്നില്ല.  കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍  ആവര്‍ത്തിച്ചു. അതു കര്‍ഷകര്‍ക്കു ബോധ്യപ്പെടേണ്ടേ?  അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍

കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് ദില്ലിയുടെ പ്രാന്തപ്രദേശങ്ങളില്‍  തമ്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍കൂടി എത്തുന്നതോടെ 'ഡല്‍ഹി ചലോ മാര്‍ച്ച്' കര്‍ഷകസാഗരമായി മാറും.
കര്‍ഷകര്‍ ദില്ലിയില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി തടസങ്ങള്‍ ഉണ്ടാക്കി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തു. കര്‍ഷകര്‍ക്ക് നേരേ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.  റോഡുനീളെ മുള്‍വേലി ഉയര്‍ത്തി. 9 സ്‌റ്റേഡിയങ്ങള്‍  ജയിലാക്കി അതിലടയ്ക്കാന്‍ ശ്രമിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്  

ഹം ഹോംഗെ കാമ്യാബ് (അതിജീവിക്കും നമ്മള്‍) എന്ന മുദ്രാവാക്യം തൊണ്ടകീറി പാടിയാണ്  കര്‍ഷകര്‍ രാത്രികളെ അതിജീവിക്കുന്നത്. ട്രാക്ടര്‍ വെളിച്ചത്തില്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നു. ഇവരെ സഹായിക്കാന്‍ ആയിരക്കണക്കിന് സ്ത്രീകളും എത്തി.  ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കര്‍ഷകര്‍ ദില്ലിയിലുള്ളത്. കര്‍ഷകരെ കേള്‍ക്കാന്‍ മോദി ഭരണകൂടം തയ്യാറാകുന്നില്ല.  കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍  ആവര്‍ത്തിച്ചു. അതു കര്‍ഷകര്‍ക്കു ബോധ്യപ്പെടേണ്ടേ?  അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.

കഴിഞ്ഞ സെപ്റ്റംബര്‍ 17ന് പാര്‍ലമെന്‍റ് പാസാക്കിയ 3 കര്‍ഷക നിയമങ്ങളാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇവ കര്‍ഷകതാത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു. 'ജയ്‍ ജവാന്‍ ജയ്‍ കിസാന്‍' എന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലൂടെ ഇന്ത്യ വിളിച്ച മുദ്രാവാക്യമാണ്. എന്നാല്‍, കര്‍ഷകവിരോധമാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Follow Us:
Download App:
  • android
  • ios