തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. കുടിയൊഴിപ്പിക്കുന്നതിൽ പൊലീസ് തിടുക്കം കാട്ടിയെന്നും പൊലീസിനെതിരെ നടപടി വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കുട്ടികൾക്ക് വീടും സ്ഥലവും നൽകുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിൻകര എംഎൽഎ ആൻസലനും കുട്ടികളെ സന്ദർശിച്ചു. ഇവർ ഇപ്പോൾ താമസിക്കുന്ന ഭൂമി കോടതി തർക്കത്തിൽ ഉള്ളതാണ്. നിയമവശം നോക്കി എന്താണ് ചെയ്യാൻ കഴിയുകയെന്ന് നോക്കും. പട്ടികജാതി വിഭാഗത്തിന് വേണ്ടി നൽകിയ ഭൂമിയാണ്. ഇത് കൈമാറി പോയതാണ്. പൊലീസ് തിടുക്കം കാട്ടിയത് സ്വാധീനം ചെലുത്തിയിട്ടാണ്. വാദിയായ വസന്ത കോൺഗ്രസ് പ്രവർത്തകയാണ്. അവർ ഏതോ സ്വധീനം ചെലുത്തിയാണ് പൊലീസ് വേഗം നടപടി എടുത്തത്. ഇക്കാര്യം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുട്ടികൾ താമസിക്കുന്ന സ്ഥലം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിയമവശം പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും ആൻസലൻ പറഞ്ഞു.