Asianet News MalayalamAsianet News Malayalam

വ്യവസായ വികസന റാങ്കില്‍ കേരളം ഏറ്റവും പിറകില്‍; എങ്ങനെ വ്യവസായം വരുമെന്ന് ഉമ്മന്‍ ചാണ്ടി

പൊതു മേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തി, നോക്ക് കൂലി, ഹര്‍ത്താല്‍, വ്യവസായികളുടെ ആത്മഹത്യ- പിന്നെ എങ്ങിനെ വ്യവസായം വരുമെന്ന് ഉമ്മന്‍ ചാണ്ടി.

oommen chandy criticize ldf government industrial development policy
Author
Kottayam, First Published Sep 9, 2020, 6:26 PM IST

കോട്ടയം: വ്യവസായ വികസന റാങ്കില്‍ കേരളം ഏറ്റവും പിറകിലാണെന്നും വികസനപ്രവര്‍ത്തനങ്ങളെയും കാലോചിതമായ മാറ്റങ്ങലെയും എതിര്‍ക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തില്‍ എങ്ങനെ വ്യവസായങ്ങളുണ്ടാകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യവസായ അനുകൂല പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതു വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ തയറാക്കിയ  വ്യവസായ സൗഹൃദ  റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്തായതില്‍ അത്ഭുതമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015-16ല്‍ വികസന റാങ്ക് 18 ആയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ 2016-17ല്‍ റാങ്ക് 20ലേക്കു താഴ്ന്നു.  2017-18ല്‍ 21ലേക്ക് ഇടിഞ്ഞു. 28 സംസ്ഥാനങ്ങളുള്ള രാജ്യത്ത് ഇപ്പോള്‍  ഏറ്റവും പിറകിലായി. ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യുപിയും തെലുങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം സാമ്പത്തിക സര്‍വെ 2019 പ്രകാരം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്.  യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

വ്യവസായ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കെഎസ്‌ഐഡിസിയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ അഞ്ച് എംഡിമാര്‍. ഇപ്പോഴുള്ളത് ഇന്‍ ചാര്‍ജ് എംഡി. ഇതിനിടയിലാണ് ഹര്‍ത്താല്‍, നോക്കുകൂലി തുടങ്ങിയ പരിപാടികളും അരങ്ങേറുന്നത്. കോട്ടൂര്‍ കാപ്പുകാട് ആനപരിശീലനകേന്ദ്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ക്കു കൊണ്ടുവന്ന, ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന കോണ്‍ക്രീറ്റ്  പൈപ്പുകള്‍ ഇറക്കാന്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ. പാലക്കാട് കാവശേരിയില്‍ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു മര്‍ദനമേറ്റു. വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ട്രക്കില്‍ കയറി സാധനം ഇറക്കേണ്ടി വന്നു.  

കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം നടന്ന 2020 ജനുവരി 9ന്റെ തലേദിവസം കേരളത്തില്‍ ഹര്‍ത്താലായിരുന്നു. കോടതി ഹര്‍ത്താല്‍ നിരോധിച്ച നാടാണു നമ്മുടേത്. ഗെയില്‍ പൈപ്പ് ലൈന്‍, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം, എക്‌സ്പ്രസ് ഹൈവെ, ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുന്നവരെ ആരു വിശ്വസിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. .

അതോടൊപ്പം കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി കോടികള്‍ മുടക്കിയ തന്റെ ഓഡിറ്റോറിയത്തിനു ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതും പുനലൂര്‍ സ്വദേശിയായ പ്രവാസി, വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതുമൊക്കെ കൂട്ടി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Follow Us:
Download App:
  • android
  • ios