Asianet News MalayalamAsianet News Malayalam

പനിയും ചുമയും ശ്വാസതടസവും മാറിയാല്‍ ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റും; എയർ ആംബുലൻസിൽ കൊണ്ടുപോകാൻ തീരുമാനം

ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും. അതിന് ശേഷമാകും ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിലെ അന്തിമ തീരുമാനം

oommen chandy may shift to bengaluru hospital tomorrow with air ambulance asd
Author
First Published Feb 7, 2023, 9:02 PM IST

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാൽ ഉടൻ തന്നെ വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ പനിയും ചുമയും ശ്വാസതടസവും മാറിയാല്‍ ഉടൻ തന്നെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരിവിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് സജീവമാക്കിയിട്ടുള്ളത്. എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുക.

മുഖ്യമന്ത്രി നിർദ്ദേശിച്ചു, ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി; ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ്

അതേസമയം നേരത്തെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സര്‍ക്കാര്‍ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധരെ ഉഘപ്പെടുത്തി ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. സഹോദരന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ആരോഗ്യവകുപ്പ് വിവിധ വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഇവര്‍ ഉമ്മൻചാണ്ടി ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവുമായി കൂടിയാലോചന നടത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാവിലെ തന്നെ ആശുപത്രിയിലെത്തി,ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് ആരോഗ്യമന്ത്രി മടങ്ങിയത്. ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി, ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. മൂന്നുമക്കളും ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സന്ദര്‍ശിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് എയര്‍ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയതായി പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് അറിയിച്ചു. നാളെ വൈകുന്നേരത്തോടെ എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റിയേക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സതീശൻ പറഞ്ഞിരുന്നു. ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും. അതിന് ശേഷമാകും ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിലെ അന്തിമ തീരുമാനം.

Follow Us:
Download App:
  • android
  • ios