പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനകത്ത് നേതാക്കൾക്ക് അതൃപ്തി. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിർന്ന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയനെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലും രംഗത്ത് വന്നിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളും പിണറായി വിജയനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെ കടുത്ത നിലപാടും എതിർപ്പും രേഖപ്പെടുത്തിയിരുന്നു.
Read More: പിണറായി പങ്കെടുത്താൽ ചെയ്ത സകല വേട്ടയാടലുകൾക്കുള്ള കുറ്റസമ്മതമായായിരിക്കും: സരിൻ
എന്നാൽ എകെ ആന്റണി അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. നേതൃതലത്തിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം ഉയർന്നതോടെ നേതാക്കൾ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പരിപാടിയിൽ നിന്ന് മാറ്റിനിർത്തേണ്ടതില്ലെന്നും പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ കുടുംബം നിലപാടെടുത്തത്. ഇക്കാര്യം ചാണ്ടി ഉമ്മൻ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live
