Asianet News MalayalamAsianet News Malayalam

'മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല'; ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തില്‍ ഉമ്മന്‍ ചാണ്ടി

അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്.
 

Oommen chandy on Jose K Mani decision to join LDF
Author
Thiruvananthapuram, First Published Oct 14, 2020, 2:17 PM IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ   ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് വീറോടെ പോരാടുകയും ചെയ്തു. ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു.  വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി.  മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്.  മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.  

മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.

കര്‍ഷകര്‍ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കര്‍ഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ ഈ സമരത്തില്‍ അണിചേരുകയാണ് വേണ്ടത്. കര്‍ഷകരെ വര്‍ഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

Follow Us:
Download App:
  • android
  • ios