തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട കൂടുതൽ സത്യങ്ങൾ ഇനിയും പുറത്ത് വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ടതില്ലെന്നായിരുന്നു തുടക്കം മുതൽ തന്റെ നിലപാട്.  പൂർണമായും കുറ്റക്കാരനല്ലെന്നത് പുറത്ത് വരണമെങ്കിലും ഇനിയും ചില കാര്യങ്ങൾ മറനീക്കി വരേണ്ടതുണ്ട്. തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് ബിജു രാധാകൃഷ്ണൻ തന്നോട് പറഞ്ഞ കാര്യങ്ങൾ. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാൽ അക്കാര്യങ്ങൾ പറയുന്നില്ലെന്നും അതൊക്കെ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സോളാറിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണമെന്നതിൽ കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പൈസ പോയതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണ ഉണ്ടാകില്ല. ഒരു അന്വേഷണത്തിൽ നിന്ന് അത് മനസിലായതാണെന്നും ഞങ്ങളുടെ ചെലവിൽ അന്വേഷണം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജോസ് കെ മാണി പോയത് കൊണ്ട്  ബാർ കോഴ കേസിൽ  യുഡിഎഫിന്റെ നിലപാട് മാറിയിട്ടില്ല. കെഎസ്എഫ്ഇ നല്ല സ്ഥാപനം ആണ്. അവിടെ എന്തെങ്കിലും ക്രമക്കേട് നടന്നോ എന്നത് അറിയില്ല. വിജിലൻസ് റെയ്ഡ് സംബന്ധിച്ച ആരോപണം സിപി എമ്മിനെ ബാധിക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 

സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന കേരളാ കോൺഗ്രസ് ബി മുൻ നേതാവ് മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാർ വിവാദം വീണ്ടും സജീവമായത്.ലൈംഗികപീഡനത്തെക്കുറിച്ച് സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മനചാണ്ടിയുടെ പേര് ഗണേഷ് കുമാർ ഇടപെട്ട് എഴുതി ചേർത്തുവെന്നായിരുന്നു വെളിപ്പെടുത്തൽ. രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. അതേ സമയം പരാതിക്കാരി ഇക്കാരയം നിഷേധിച്ചിട്ടുണ്ട്.