Asianet News MalayalamAsianet News Malayalam

വിക്ടേഴ് ചാനലിന്‍റെ ക്രഡിറ്റ് യുഡിഎഫിന് തന്നെ; വിഎസിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി

യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വിഎസിന്റെ  നിലപാടിനെയും കാണുന്നുള്ളു- ഉമ്മന്‍ ചാണ്ടി 

oommen chandy reply to vs achuthanandan on victers channel controversy
Author
Kottayam, First Published Jun 2, 2020, 6:40 PM IST

തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ പുതിയ അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധ നേടിയതോടെ ചാനല്‍ കൊണ്ടുവന്നത് ആരാണെന്നത് സംബന്ധിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ പോര് തുടങ്ങിയിരിക്കുകയാണ്. വിക്ടേഴ്സ് ചാനല്‍ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. 2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ് ചാനലിന്‍റെ ക്ര‍ഡിറ്റ് ഇപ്പോള്‍ ഇടതുപക്ഷം ഏറ്റെടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കഴിഞ്ഞ ഇടതു സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി.

വിക്ടേഴ്സ് ചാനലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും കാണും. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്‍റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്നായിരുന്നു വിഎസിന്‍റെ മറുപടി. എന്നാല്‍ വിഎസിന്‍റെ പ്രസ്താവനക്കെതിരെ ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്ത് വന്നു. യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും  മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വിഎസിന്റെ  നിലപാടിനെയും കാണുന്നുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വിക്ടേഴ്‌സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ച് ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതികവിദ്യാഭ്യാസത്തിന്റെ  നടത്തിപ്പുകാരായ Kerala Infrasructure and Technology for Education (KITE) ന് ആണല്ലോ. അവര്‍ വ്യക്തമായി പറയുന്നൂ, വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണെന്ന്. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇനി തര്‍ക്കമില്ല.

Kite ല്‍ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്‌സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വിഎസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും. ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്‌സ പ്രവര്‍ത്തിച്ചിരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യുഡിഎഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക,  ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്‌സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന  വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്.

2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും  2006 ഓഗസ്റ്റ് 3ന് വിക്ടേഴ്‌സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ്  മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള  നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ  കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ? ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. 'തൊഴില്‍ തിന്നുന്ന ബകന്‍' എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ  കയ്യില്‍ കാണുമല്ലോ. യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും  മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വിഎസിന്റെ  നിലപാടിനെയും കാണുന്നുള്ളു- ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios