തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആശങ്കകളും ശരിവയ്ക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊവിഡ് 19 രോഗത്തെ സംസ്ഥാനം പ്രതിരോധിക്കുന്നതിനിടെ ടെണ്ടര്‍ വിളിക്കാതെയും നടപടിക്രമം പൂര്‍ണമായി ഒഴിവാക്കിയും ഡാറ്റാ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാതെയും അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്കിയതിനെതിരെ ആശങ്കകളെ  ശരിവയ്ക്കുന്നതാണ് കോടതി ഉത്തരവ്.

സ്വന്തം പാര്‍ട്ടി നേതൃത്വത്തെയും മുന്നണിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ പാടുപെട്ട മുഖ്യമന്ത്രിക്ക് ഈ അസാധാരണ കരാറിനെ കോടതിയെയും  ബോധ്യപ്പെടുത്താനായില്ല. ഇതോടെ അമേരിക്കന്‍ കമ്പനിക്കെതിരെ ഉയര്‍ന്ന എല്ലാ സംശയങ്ങളും കുടുതല്‍ ബലപ്പെടുകയാണു ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഹര്‍ജിയിലെ പ്രധാന ആവശ്യമായ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

മാത്രവുമല്ല, കരാറുമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട് പോകുമെന്നും കൊവിഡുമായി ബന്ധപ്പെട്ട പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.