ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ആരെന്നതില്‍ കോണ്‍​ഗ്രസില്‍ പ്രതിസന്ധി തുടരുന്നു. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിലകൊള്ളുമ്പോള്‍ യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. 

എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിന്മേല്‍ തുടർചർച്ചകൾ നടക്കും. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോൾ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടകകക്ഷികളുടെ പ്രതികരണം.