കോട്ടയം: കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശനം മാണിസാറിനോടുള്ള  അവഹേളനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മാണിസാറിനെ സിപിഎം നിര്‍ദയം വേട്ടയാടിയത് ജോസ് കെ മാണി മറന്നാലും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍

ബാര്‍ കോഴ കേസ്സില്‍ ബിജു രമേശിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മാണിസാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയത്. പിന്നീട് നിയമസഭയ്ക്ക് പുറത്തും അകത്തും മാണിസാറിനെതിരെ  എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍പറത്തികൊണ്ട് സിപിഎം സമരം നടത്തി. മാണി സാറിനു പകരം മറ്റാരെങ്കിലും ബജറ്റ് അവതരിപ്പിച്ചാല്‍ സഹകരിക്കാമെന്ന പിണറായി വിജയന്‍റെ നിര്‍ദേശം യുഡിഎഫ് തള്ളി. തുടര്‍ന്ന്  മാണിസാര്‍ ബജറ്റ് അവതരിപ്പിച്ച അവസരത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു നിയമസഭയിലും ഉണ്ടാകാത്ത ആഭാസ നാടകങ്ങളും സ്പീക്കറുടെ വേദിയില്‍ തന്നെ താണ്ഡവ നൃത്തവുമാണ്  പ്രതിപക്ഷം നടത്തിയത്. നിയമസഭയില്‍ മാണി സാറിനു നേരേ നടത്തിയ അക്രമങ്ങള്‍ക്കെതിരെയുള്ള കേസ്സുകള്‍ പിന്‍വലിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്ക് യുഡിഎഫ് നീക്കം മൂലമാണ്  തിരിച്ചടിയേറ്റത്.

കാണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയുള്ളയാളാണെന്നാണ് മാണി സാറിനെ കോടിയേരി വിശേഷിപ്പിച്ചത്. കെടാത്ത തീയും  ചാകാത്ത പുഴുവുമുള്ള നരകത്തില്‍ പോകുമെന്നാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞതത്. മാണി സാറിന്‍റെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് വരെ പ്രചരിപ്പിച്ചു. കോഴവീരന്‍റെ ബജറ്റ് അവതരണം, മാണി ജനാധിപത്യത്തിന് തീരാക്കളങ്കം, മാണി മാനംകെട്ടു തുടങ്ങിയ തലക്കെട്ടുകള്‍ പാര്‍ട്ടി പത്രം നിരത്തി. ഇതെല്ലാം മറന്ന് നിസാര സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച് സിപിഎം പാളയത്തില്‍ എത്തിയ ജോസ് കെ മാണിക്ക്  കേരള കോണ്‍ഗ്രസ് അണികളോട്  മറുപടി പറയേണ്ടി വരും.

കേരള കോണ്‍ഗ്രസ്സിന്‍റെ ഒപ്പം നിന്ന ജനവിഭാഗത്തിന്‍റെ ഏതു താല്പര്യമാണ്  പിണറായി ഭരണത്തില്‍ അംഗീകരിച്ചതെന്ന് വ്യക്തമാക്കണം.  മാണി സാര്‍ പ്രഖ്യാപിച്ച കാരുണ്യ ചികിത്സാ പദ്ധതിയെ കഴുത്തു ഞെരിച്ച് കൊന്നതാണോ മാണിസാറിനുള്ള അംഗീകാരം? കാരുണ്യ പദ്ധതിയെ കൊല്ലരുത് എന്നത് മാണിസാറിന്‍റെ അവസാനത്തെ ആഗ്രഹമായിരുന്നു. മാണിസാര്‍ പ്രഖ്യാപിച്ച റബ്ബര്‍വില സ്ഥിരതാ പദ്ധതിക്ക് 2015-ല്‍ നിശ്ചയിച്ച 150 രൂപാ വര്‍ദ്ധിപ്പിക്കണമെന്ന് നിയമസഭയില്‍ തന്നെ മാണിസാറും യുഡിഎഫ് എംഎല്‍എ മാരും പലതവണ ആവശ്യപ്പെട്ടിട്ടും നാല് കൊല്ലമായി ഒരു പൈസ പോലും വര്‍ദ്ധിപ്പിക്കാതിരുന്നതാണോ മാണിസാറിനുള്ള ബഹുമതി? രണ്ട് പ്രളയങ്ങളില്‍ ഉള്‍പ്പെടെ കൃഷിക്കാര്‍ക്ക് കാര്യമായ നഷ്ടപരിഹാരം പോലും നല്‍കാതെ കാര്‍ഷിക മേഖലയെ പൂര്‍ണമായി അവഗണിച്ച ഇടതുപക്ഷ സര്‍ക്കാരിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍  കര്‍ഷകപ്രേമം പറയുന്ന ജോസ് വിഭാഗത്തിന്  സാധിക്കുമോ? കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനത്തിന് ചെറുവിരല്‍ അനക്കാത്തവരെ എങ്ങനെ ഉള്‍ക്കൊള്ളാനാകും?

കോണ്‍ഗ്രസ്സിന് തികച്ചും അര്‍ഹമായ രാജ്യസഭാ സീറ്റ് അന്ന് ലോകസഭാംഗമായിരുന്ന ജോസ് കെ മാണിക്ക് നല്‍കിയത് മാണിസാറിനു വേണ്ടി കോണ്‍ഗ്രസ്സ് നടത്തിയ വലിയ വിട്ടുവീഴ്ചയായിരുന്നു. യുഡിഎഫില്‍ നിന്ന് എംപി വീരേന്ദ്രകുമാര്‍ നേടിയ രാജ്യസഭാ സീറ്റ് രാജിവച്ച് അദ്ദേഹം എല്‍ഡിഎഫിലേയ്ക്ക് പോയപ്പോള്‍ ആ സിറ്റ് അദ്ദേഹത്തിന് തന്നെ നല്‍കുകയും അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ ശ്രേയാംസ്‌ കുമാറിന് തന്നെ ആ സീറ്റ്  ലഭിക്കുകയും ചെയ്തു. എന്നാല്‍, ജോസ് കെ മാണി രാജിവച്ച സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തിന് എല്‍ഡിഎഫില്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തിന്‍റെ ആദ്യാനുഭവം ആയിരിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ഉണ്ടായ ധാരണ പാലിക്കണമെന്ന് മാത്രമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. 2017-ല്‍ യുഡിഎഫിന്‍റെ ഭാഗമായിരുന്നപ്പോള്‍ തന്നെ ലിഖിതമായ ധാരണകളെ കാറ്റില്‍പറത്തി സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയ നടപടിയുടെ തുടര്‍ച്ച മാത്രമാണ് ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള ഇപ്പോഴത്തെ തീരുമാനം.

മാണി സാറിനെതിരേ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വിഴുങ്ങിയ സിപിഎം അവസരവാദ രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ്. മാണിസാര്‍ തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ സിപിഎം സമരം നടത്തിയതെന്ന് പറയുന്ന എല്‍ഡിഎഫ് കണ്‍വീനര്‍  അദ്ദേഹത്തിന്‍റെ കല്ലറയില്‍ പോയി മാപ്പു പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.