സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് വിഎസിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്. 

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് (Congress leader) ഉമ്മന്‍ചാണ്ടിക്ക് (oommen chandy) കോട്ടയത്തെ പ്രവര്‍ത്തകര്‍ ഇന്ന് സ്വീകരണം നല്‍കും. പുതുപ്പള്ളിയിലെ വീട്ടില്‍ വച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടിയെന്ന് നേതാക്കള്‍ അറിയിച്ചു. സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് വിഎസിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്. കേസില്‍ അപ്പീല്‍ പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസിലാണ് ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധിയുണ്ടായത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോണ്‍ഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.