നിയമസഭാംഗമായി അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകൾ ജയിച്ചുകയറിയ നേതാവിന്റെ റെക്കോഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരാൾ മാത്രമേയുള്ളൂ
നിയമസഭാംഗമായി അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകൾ ജയിച്ചുകയറിയ നേതാവിന്റെ റെക്കോഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരാൾ മാത്രമേയുള്ളൂ. 13 തെരഞ്ഞെടുപ്പുകൾ ജയിച്ച കെ എം മാണി.
76 വയസിനിടെ അമ്പതുവർഷവും ജനപ്രതിനിധി ആയിരുന്ന ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ നീക്കങ്ങളിൽ ഇന്നും ശ്രദ്ധയൂന്നുകയാണ് കേരളം. രാഷ്ട്രീയം തന്നെയാണ് ജീവിതമെന്ന് പറയുമ്പോഴും, ഓർമകളിൽ ഉമ്മൻ ചാണ്ടിയുടേത് മാത്രമായ ചില സൌഹൃദങ്ങളും ബന്ധങ്ങളുമുണ്ട്.
രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും ഉമ്മൻ ചാണ്ടിക്ക് ഏറെ പ്രധാനപ്പെട്ട വ്യക്തിയാണ് മുൻ പ്രതിരോധ മന്ത്രി കൂടി ആയ എകെ ആന്റണി. ആന്റണിയുടെ വ്യക്തിജീവിതത്തിൽ സുപ്രധാനമായൊരു തീരുമാനത്തിന് പിന്നിലും ആ സൌഹൃദത്തിന്റെ സ്വാധീനമുണ്ട്.
അറിയപ്പെടുന്ന ബാച്ചിലറായി ആന്റണി തിളങ്ങി നിൽക്കുന്ന സമയത്ത് അദ്ദേഹത്തെ വിവാഹത്തിലേക്ക് നയിച്ചതിന്റെ കഥ പറയുകയാണ് ഉമ്മൻ ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും. ഇങ്ങനെയൊരു ചോദ്യത്തിന് മുന്നിൽ സരസമായി ചിരിച്ച് അല്ല, എന്ന് ഉമ്മൻ ചാണ്ടി മറുപടി പറയുമ്പോൾ ഭാര്യ മറിയാമ്മയ്ക്ക് ഏറെ പറയാനുണ്ടായിരുന്നു.
തന്റെ സുഹൃത്തുകൂടിയായ എലിസബത്തിനെ ആന്റണിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുന്നതിൽ തുല്യ ശ്രമദാനമാണ് ഇരുവരും ചെയ്തതെന്ന് മറിയാമ്മ പറയുന്നു. ' എലിസബത്ത് തന്റെ കൂട്ടുകാരിയായിരുന്നു. ആ സമയത്താണ് എകെ ആന്റണിയുമായുള്ള വിവാഹ പ്രൊപ്പോസൽ മുന്നോട്ടുവയ്ക്കുന്നതെന്നും മറിയാമ്മ പറഞ്ഞു. വലിയ കൂട്ടുകാരായിരുന്ന എലിസബത്ത് വിവാഹിതയായി ദില്ലിയിലേക്ക് പോകുമ്പോൾ വ്യക്തിപരമായി ഒരു സങ്കടവും ഉണ്ടായിരുന്നുവെന്ന് മറിയാമ്മ പറഞ്ഞു നിർത്തുന്നു.
അഭിമുഖത്തിൽ നിന്ന്

