ഗതാഗത നിരോധനം തുടരുന്ന കൊല്ലങ്കോട് ഊട്ടറ പാലത്തിൽ ചെറുവാഹനങ്ങൾക്ക് പോകാനാകുന്ന വിധം അറ്റകുറ്റപ്പണിക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഊട്ടറയിൽ പുതിയ പാലത്തിന്റെ ടെണ്ടറിന് അനുമതി കിട്ടിയതോടെ പ്രതീക്ഷയിലാണ് നാട്ടുകാർ. പാലത്തിന്റെ ഡിസൈൽ കിട്ടിയാലുടൻ ടെൻഡർ നടപടികൾ തുടങ്ങും. പാലം അടച്ചതിനാൽ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്ര ദുരിതം തുടരുകയാണ്.
ഗതാഗത നിരോധനം തുടരുന്ന കൊല്ലങ്കോട് ഊട്ടറ പാലത്തിൽ ചെറുവാഹനങ്ങൾക്ക് പോകാനാകുന്ന വിധം അറ്റകുറ്റപ്പണിക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയ 50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി. ടെൻഡർ വേഗത്തിൽ പൂർത്തിയാക്കി പണി തുടങ്ങണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ലാബിൽ വിള്ളൽ കണ്ടതോടെ, ജനവുരി എട്ടിനാണ് ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള ഊട്ടറ പാലത്തിലൂടെ ഗതാഗതം പൂർണമായി നിരോധിച്ചത്. ഇപ്പോൾ, കാൽനാടയാത്രയ്ക്ക് മാത്രമാണ് അനുമതി. നിരോധനം തുടരുന്നതിനാൽ, കൊല്ലങ്കോട്,എലവഞ്ചേരി, മുതലമട പഞ്ചായത്തിലുള്ളവർക്ക് ചിറ്റൂർ, പാലക്കാട്, കൊടുവായൂർ എന്നിവിടങ്ങളിലേക്ക് പോകാൻ വലിയ യാത്രാ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.
