സൂര്യവന്‍ഷിയെ ഒരു മികച്ച ടെസ്റ്റ് ക്രിക്കറ്ററായി വളര്‍ത്തിയെടുക്കണമെങ്കില്‍ പടിപടിയായി അവസരങ്ങള്‍ നല്‍കണമെന്നും, പന്ത് സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലേക്ക് ആദ്യ പര്യടനത്തിന് അയക്കുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈ: യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവന്‍ഷിയെ ഇന്ത്യന്‍ ടീം വളരെ കരുതലോടെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സൂര്യവന്‍ഷിയെ ഒരു മികച്ച ടെസ്റ്റ് ക്രിക്കറ്ററായി വളര്‍ത്തിയെടുക്കണമെങ്കില്‍ ശരിയായ രീതിയിലുള്ള പിന്തുണയും അവസരങ്ങളും നല്‍കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 53-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ലെജന്‍ഡ്സ് ക്ലബ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
15 വയസ്സുകാരനായ ഒരു താരത്തിന് പന്ത് ആഞ്ഞടിക്കാന്‍ കഴിയുമെങ്കില്‍, പ്രതിരോധിക്കാനും കഴിയുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ''ഇതെല്ലാം കളിക്കാരന്റെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ശരിയായ അവസരങ്ങള്‍ നല്‍കിയാല്‍ അവന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. കരിയറിന്റെ തുടക്കത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമാണ്, അതിലൂടെ മാത്രമേ അവര്‍ക്ക് പഠിക്കാന്‍ സാധിക്കൂ. പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ട് പോലെയുള്ള രാജ്യങ്ങളിലേക്ക് ആദ്യ പര്യടനത്തിന് തന്നെ അവനെ അയക്കുന്നത് ബുദ്ധിയല്ല. അവനെ ഒരു ടെസ്റ്റ് ക്രിക്കറ്ററായി കാണാനാണ് ആഗ്രഹമെങ്കില്‍ നമ്മള്‍ അവനെ പടിപടിയായി വളര്‍ത്തിയെടുക്കണം.'' അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ ടെസ്റ്റ് ക്രിക്കറ്റായിരിക്കണമെന്ന് ഹര്‍ഭജന്‍ ഊന്നിപ്പറഞ്ഞു. ''അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് മത്സരങ്ങളാണ് യഥാര്‍ത്ഥ ക്രിക്കറ്ററെ വാര്‍ത്തെടുക്കുന്നത്. ബാറ്റിംഗിനും ബൗളിംഗിനും ഒരുപോലെ സഹായകമായ പിച്ചുകള്‍ ഒരുക്കണം. അമിതമായി സ്പിന്നിനെ സഹായിക്കുന്ന പിച്ചുകള്‍ ഒഴിവാക്കി അഞ്ചാം ദിവസം വരെ മത്സരം നീണ്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാകണം.'' ഹര്‍ഭജന്‍ സിംഗ് കൂട്ടിചേര്‍ത്തു. യുവതലമുറയില്‍ റെഡ് ബോള്‍ ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ താരം യശസ്വി ജയ്സ്വാള്‍ ആണെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.
ടി20യും ടെസ്റ്റും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ജയ്സ്വാളിന്റെ കഴിവ് അപാരമാണ്. ഒരു സെഷന്‍ മുഴുവന്‍ പന്ത് ലീവ് ചെയ്യാനും അടുത്ത സെഷനില്‍ റണ്‍സ് അടിച്ചുകൂട്ടാനും അവന് സാധിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

