അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി.
വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. കൂടാതെ കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം എഡിജിപി എം ആർ അജിത് കുമാർ, ഗതാഗത കമ്മീഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിലെയും മോട്ടോർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
തിരക്കേറിയ റോഡിലെ ബൈക്ക് സ്റ്റണ്ട്; വളഞ്ഞ് പുളഞ്ഞ് ഒടുവില്‍ മൂക്കും കുത്തി താഴെ ! വൈറല്‍ വീഡിയോ
എം വി ഡിയുടെ നിര്‍ദേശങ്ങള്‍
റോഡിലെ സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകുക.ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും മാനിക്കുക. അപകടകരമായ സ്റ്റണ്ടുകളിലോ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കുക. ഉത്തരവാദിത്തമുള്ള റൈഡിംഗിന് ഒരു മാതൃകയാവുകയും മറ്റുള്ളവരെ അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
അതേസമയം, മൂന്നു പേരുമായി സ്‌കൂട്ടറില്‍ യാത്ര നടത്തിയ യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായി വാഹനം ഓടിച്ചെന്ന കുറ്റത്തിന് യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെന്ന് എംവിഡി അറിയിച്ചു. സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍ഗോഡ് സീതാംഗോളിയില്‍ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ മൂന്ന് പേരെയും ഇരുത്തി മൊബൈലില്‍ സംസാരിച്ച് കൊണ്ട് പോകുന്ന യുവാവിന്റെ വീഡിയോ മറ്റൊരു വാഹനത്തിലെ വ്യക്തി പകര്‍ത്തി എംവിഡിക്ക് അയച്ചുനല്‍കുകയായിരുന്നു.
