Asianet News MalayalamAsianet News Malayalam

കൊച്ചി മുങ്ങാതിരിക്കാന്‍ കരുതലോടെ; 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ' സമയത്ത് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Operation breakthrough in Kochi will complete soon says Kerala CM Pinarayi Vijayan
Author
Thiruvananthapuram, First Published May 19, 2020, 5:49 PM IST

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയത്തിന്‍റെ വെളിച്ചത്തില്‍ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. 

'കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഴയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. ഒരു ദിവസത്തെ മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി വെള്ളക്കെട്ടിനെ മോചിപ്പിക്കാനുള്ളതായിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ടിന് സ്വാശ്വത പരിഹാരം കാണാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടരാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. 25 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. രണ്ട് ഘട്ടത്തിലായുള്ള പദ്ധതിരേഖ ജില്ലാ ദുരന്ത അതോറിറ്റി തയ്യാറാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്'. 

'ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തിലെ 35 പ്രവൃത്തികള്‍ ആരംഭിച്ചു. മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ലോക്ക് ഡൗണ്‍ കാരണം അത് നീണ്ടുപോയി. ഓപ്പറേഷന്‍ ബ്രോക്ക് ത്രൂ പ്രവൃത്തികള്‍ ഇപ്പോള്‍ പുനരാരംഭിച്ചു. 23 പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. മെയ് 31നുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷ. രണ്ടാംഘട്ടത്തിലെ പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു. കൊച്ചിയിലെ ജനങ്ങള്‍ക്ക് വെള്ളക്കെട്ടിന് സ്വാശ്വത പരിഹാരം ഉണ്ടാക്കാന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' എന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം-3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതമാണ് കൊവിഡ് പോസിറ്റീവ്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ എട്ട് പേര്‍ക്കുമാണ് രോഗ ബാധ. ആറ് പേര്‍ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. മറ്റു രണ്ട് പേർ ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്. 

സംസ്ഥാനത്ത് ഇതുവരെ 642 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 142 പേർ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 71545 പേരും ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios