ഹാരീസ് ബീരാന്റെ പിഎ വാഴക്കുളം സ്വദേശി ഹസൻ അനസ് (25) ആണ് പൊലീസിന്‍റെ പിടിയിലായത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസൻ അനസ്.
തൃശ്ശൂര്‍: ഓപ്പറേഷൻ സൈ ഹണ്ടില്‍ അറസ്റ്റിലായവരിൽ രാജ്യസഭ എം.പിയുടെ പിഎയും. ഹാരീസ് ബീരാന്റെ പിഎ വാഴക്കുളം സ്വദേശി ഹസൻ അനസ് (25) ആണ് പൊലീസിന്‍റെ പിടിയിലായത്. മുസ്ലീം ലീഗിൽ നിന്ന് രാജ്യസഭ എംപിയായ വി കെ ഹാരീസ് ബീരാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആറ് മാസം മുമ്പാണ് ഇയാൾ നിയമിതനായത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസൻ അനസ്.
ഹസൻ അനസിന്റെ വാടക അക്കൗണ്ടിലേക്ക് ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 1,70,000 രൂപ വന്നിട്ടുള്ളതായി കണ്ടെത്തി. ഈ വാടക അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം ഹസൻ പിൻവലിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, അറസ്റ്റിലായ ഹസൻ അനസ് (25) ഹാരീസ് ബീരാന്റെ പിഎ ആയി പ്രവർത്തിച്ചിട്ടില്ലെന്ന് എംപിയുടെ ഓഫീസ് പ്രതികരിച്ചു. പഠന കാലത്ത് എം.പി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ പി എ ആയി പദവി നൽകിയിരുന്നില്ലെന്ന് എംപിയുടെ ഓഫീസ് വിശദീകരിക്കുന്നു.
എന്താണ് ഓപ്പറേഷൻ സൈ ഹണ്ട്?
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സൈ ഹണ്ട്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാവിലെ 6 മണി മുതലാണ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്. കേരള പൊലീസ് സൈബര്‍ ഓപ്പറേഷൻ്റെയും റേഞ്ച് ഡിഐജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
ഓപ്പറേഷൻ സൈ ഹണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾ അറസ്റ്റിലാകുമെന്ന കൊച്ചി പൊലീസ് സൂചന നൽകിയിരുന്നു. പ്രതികളായ വിദ്യാർത്ഥികളെ നിയന്ത്രിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിയ്ക്കായുള്ള തിരച്ചിലിലാണ് അന്വേഷണസംഘം. തട്ടിപ്പ് പണം എത്തിയിരുന്നത് കോളേജ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണെന്ന വിവരവും പൊലീസിന് കിട്ടി. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാം എന്ന് കമ്പളിപ്പിച്ചാണ് നിരവധി വിദ്യാർത്ഥികളുടെ അക്കൗണ്ട് വിവരങ്ങൾ ഇവർ വാങ്ങിയത്. തട്ടിപ്പിന്‍റെ ഭാഗമാണെന്ന് അറിയാതെയാണ് വിദ്യാർത്ഥികൾ വലിയ ശതമാനവും അക്കൗണ്ട് വിവരങ്ങൾ കൈമാറിയതും.

