ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്.
കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നൽകിയത്. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന സംഭവത്തിൽ കസ്റ്റംസ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായാണ് അമിതിന്‍റെ വാഹനം പിടിച്ചെടുത്തത്. അമിതിന്‍റെ ഗ്യാരേജിലുള്ള വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലക്കൽ നേരത്തെ പലതവണ കസ്റ്റംസിന് മുന്നിൽ ഹാജരായി രേഖകൾ ഹാജരാക്കായിരുന്നു.
അമിത്തിന്‍റെ ഗരാജിൽ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിൽ നേരത്തെ ഹാജരായിരുന്നു. അറ്റകുറ്റപ്പണികൾക്കാണ് വാഹനങ്ങൾ ഗരേജില്‍ കൊണ്ടുവന്നത് എന്നാണ് അമിത് ചക്കാലക്കൽ പറയുന്നത്. അതേസമയം, ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനം കടത്തുന്ന ഇടനിലക്കാര്‍ക്കായി കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇഡിയും ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. നടൻ ദുൽഖറിനെയും നോട്ടീസ് നൽകിയിരുന്നു. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം. ഭൂട്ടാൻ കാർ കളളക്കടത്തിലെ കളളപ്പൺ ഇടപാടാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.
ഭൂട്ടാൻ കാര്‍ കടത്തിലെ കസ്റ്റംസ് റെയ്ഡ്
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഭൂട്ടാനിൽ നിന്ന് കാറുകള്‍ കടത്തുന്നതുമായി ബന്ധപ്പെട്ട് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തിയത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നിരുന്നത്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി സംസ്ഥാനത്തെ 17 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടന്നിരുന്നു. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് കസ്റ്റംസ് അറിയിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും (ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ എന്നിവയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു) ഉപയോഗിച്ചും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റുവെന്നുമാണ് കണ്ടെത്തൽ. കേസിൽ കസ്റ്റംസിന്‍റെയും ഇഡിയുടെയും അന്വേഷണം തുടരുകയാണ്.



