പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍നചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിലെ കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ. നഗ്നചിത്രങ്ങൾ തുടർച്ചയായി നവ മാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്യുന്ന 12 പേരാണ് പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച 'ഓപ്പറേഷന്‍ പി ഹണ്ടി'ന്‍റെ റെയ്‍ഡിലാണ് പ്രതികൾ പിടിയിലായത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍നചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.

ഇന്‍റർപോളിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‍ഡിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്തിലാണ് റെയ്‍ഡ് നടത്തുന്നത്. നവമാധ്യമങ്ങളിൽ പേജുകളും വാട്സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവർ കുട്ടികൾക്കെതിരായ അതിക്രമം നടത്തുന്നത്. 

84 വ്യക്തികളെക്കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്‍ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ പി ഹണ്ടി'ന്‍റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.