തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം സിറ്റിയിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു, രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ അറസ്റ്റിലായി. എറണാകുളം ജില്ലയിൽ നടന്ന പരിശോധനയിൽ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ, ആലുവ അസാദ് റോഡിൽ ഹരികൃഷ്ണൻ, നേര്യമംഗലം സ്വദേശി സനൂപ്, പെരുമ്പാവൂർ മുടിക്കൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം  അതിഥി തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം, കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി എന്നിവരാണ് എറണാകുളം ജില്ലയിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ 52 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധനയിലാണ് ആറ് പേർ പൊലീസ് പിടിയിലായത്.

സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്.