തൃശ്ശൂർ: തൃശ്ശൂരിലെ തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍  തൃശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലെ ഗുണ്ടാകേന്ദ്രങ്ങളില്‍ വ്യാപക പൊലീസ് റെയ്ഡ്. “ഓപ്പറേഷൻ റേഞ്ചറിൻ്റെ ഭാഗമായി  ഗുണ്ടാസംഘങ്ങളുടെ വീടുകളിലും ഒളിത്താവളങ്ങളിലും നടത്തിയ റെയ്ഡില്‍ നിരവധി പേർ പോലീസ് കസ്റ്റഡിയിലായി. തോക്കടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ക്രിമിനൽ സംഘങ്ങളെ നിരീക്ഷിക്കാൻ ഓരോ സ്റ്റേഷനിലും പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ വ്യക്തമാക്കി.

തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഗുണ്ടാകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. തൃശൂർ,മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒരേ സമയമായിരുന്നു പൊലീസ് പരിശോധന. കൊടും കുറ്റവാളികൾ,മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിവരെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ലിസ്റ്റുകളായി തരം തിരിച്ചാണ് പൊലീസ് നടപടി.

കുറ്റവാളികളുടെ പ്രവർത്തനങ്ങളും നിലവിലെ പ്രവർത്തനവും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ടുകൾ നൽകാൻ ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കും. തൃശൂർ ഒല്ലൂരിലെ മിച്ചഭൂമി കോളനികളിലാണ് റെയ്ഡിൻ്റെ ഭാഗമായി പൊലീസ് ആദ്യമെത്തിയത്.  ഗുണ്ടാ സംഘാംഗങ്ങളുടെ ഒളിയിടങ്ങളും ആളൊഴിഞ്ഞ പറമ്പിലും മിന്നല്‍ പരിശോധന നടത്തി. ഇവിടെ നിന്ന് വടിവാള്‍,വെട്ടുകത്തി ഉള്‍പ്പെടെയുളള ആയുധങ്ങൾ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

മയക്കുമരുന്നുപയോഗിക്കാനുളള സിറിഞ്ചിൻ്റെ ശേഖരവും പിടിച്ചെടുത്തു. മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ മൂന്നു പേര്‍ അറസ്റ്റിലായി. നിലമ്പൂരിൽ നിന്ന് മൂന്നു വടിവാളുകളും ഒരു ഇരട്ടക്കുഴൽ തോക്കും പിടിച്ചെടുത്തു. പാലക്കാട്  140 ഇടങ്ങളിൽ പരിശോധന നടത്തി.ജില്ലാ, സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. അക്രമി സംഘങ്ങളെ ശക്തമായി അടിച്ചമർത്തുമെന്ന് ഡിഐജി എസ്.സുരേന്ദ്രൻ പറഞ്ഞു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും ഓപ്പറേഷൻ റേഞ്ചര്‍ തുടരാനാണ് തീരുമാനം.