തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക റോയൽറ്റി തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. ക്വാറികളിൽ നിന്നും അനധികൃതമായി കരിങ്കല്ല് കയറ്റിവന്ന 306 വാഹനങ്ങൾ പിടികൂടി. ഇതിൽ 133 വാഹനങ്ങളിൽ പാസില്ലാതെയാണ് ലോഡ് കടത്തിയത്. 157 വാഹനങ്ങളിൽ അമിതഭാരം കണ്ടത്തി.

27 ക്വാറികളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങൾക്ക് 11 ലക്ഷം രൂപ ഇന്ന് പിഴയീടാക്കി. അമിതഭാരം കയറ്റിയെത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി. പാസില്ലാത്തവ മൈനിംഗ് ആൻ്റ്‌ ജിയോളജി വകുപ്പിനും കൈമാറി. 

വെട്ടിപ്പിന് മൈനിംഗ് ആൻറ് ജിയോളി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. സർക്കാരിന് സംഭവിച്ച നഷ്ടം കണക്കാക്കി വരുന്നതായും വിജിലൻസ് വ്യക്തമാക്കി. 

പെര്‍മിറ്റില്ലാതെ കരിങ്കല്ല് കടത്തല്‍, അനുവദിച്ചതിലധികം ലോഡ് കയറ്റല്‍, റോയൽറ്റി വെട്ടിപ്പ് എന്നിവ  സംബന്ധിച്ച് വ്യാപക പരാതി ലഭിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയ്ഡ് നടത്തിയത്. എല്ലാ ജില്ലകളിലേയും ഉദ്യോഗസ്ഥര്‍ പ്രത്യേകം സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ക്വാറ്റ ഉടമകൾക്കെതിരെ യും കേസെടുത്തിട്ടുണ്ട്.