Asianet News MalayalamAsianet News Malayalam

'ഓപ്പറേഷന്‍ വൈറ്റ് സ്റ്റാര്‍'; ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി

ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള തൃശൂര്‍ അതിരൂപതാ വിമര്‍ശനം ഇതുവരെയുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണുന്നതിന്റെ സൂചനയായി ബിജെപി വിലയിരുത്തുന്നു.
 

operation white star; BJP starts wooing christians
Author
Thiruvananthapuram, First Published Feb 2, 2021, 8:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനായി ഓപ്പറേഷന്‍ വൈറ്റ് സ്റ്റാറുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും ചില സീറ്റുകളില്‍ സഭ നിര്‍ദ്ദേശിക്കുന്ന പൊതുസ്വതന്ത്രരെ നിര്‍ത്താനുമാണ് പാര്‍ട്ടി നീക്കം. 

സഭാനേതൃത്വത്തിന് മോദി ഇപ്പോള്‍ പിയങ്കരനായെന്നാണ് ബിജെപി വിലയിരുത്തല്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ കോട്ടയം, തൃശൂര്‍ പോലുള്ള സ്ഥലങ്ങളില്‍ ബിജെപി പെട്ടിയിലേക്ക് വീണ് തുടങ്ങിയ ക്രൈസ്തവ വോട്ടുകള്‍ കൂടുതല്‍ ഉറപ്പിക്കാനാണ് പാര്‍ട്ടി ശ്രമം. സഭാ നേതൃത്വത്തെ ഒപ്പം നിര്‍ത്തി കൃസ്ത്യന്‍ വോട്ടുകള്‍ ബിജെപി അനുകൂലമാക്കാനുള്ള പ്രവര്‍ത്തനത്തെ ഓപ്പറേഷന്‍ വൈറ്റ് സ്റ്റാര്‍ എന്നാണ് ബിജെപി പേരിട്ടിരിക്കുന്നത്. 

മോദിയും ക്രൈസ്തവസഭാ അധ്യക്ഷന്മാരുമായുള്ള ചര്‍ച്ചക്ക് ശേഷം ബന്ധം ഉറപ്പാക്കാനുള്ള ചുമതല മിസോറം ഗവര്‍ണറായ പിഎസ് ശ്രീധരന്‍പിള്ളയ്ക്കാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ തുടരുന്ന ശ്രീധരന്‍പിള്ള അരമനകള്‍ കേന്ദ്രീകരിച്ചുള്ള സമവായകൂടിക്കാഴ്ചകള്‍ തുടരും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടരിയായ ജോര്‍ജ്ജ് കുര്യനും ദൗത്യത്തില്‍ നിര്‍ണായക റോളുണ്ട്. 

ചില സീറ്റുകളില്‍ സഭാ നേതൃത്വം നിര്‍ദേശിക്കുന്ന പൊതുസ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കാമെന്ന വാഗ്ദാനവും ബിജെപി മുന്നോട്ട് വെക്കുന്നു. ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള തൃശൂര്‍ അതിരൂപതാ വിമര്‍ശനം ഇതുവരെയുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണുന്നതിന്റെ സൂചനയായി ബിജെപി വിലയിരുത്തുന്നു. സംസ്ഥാനത്തെത്തുന്ന ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സഭാപ്രതിനിധികളുമായുള്ള ചര്‍ച്ചക്കും ശ്രമിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios