വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ അതിന്റെ രക്ഷകരായി അവകാശപ്പെടുന്നുവെന്ന് കെ എൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വിതരണത്തിലെ പ്രശ്നങ്ങൾക്ക് കാരണം യുഡിഎഫ് സർക്കാരാണെന്നും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ രക്ഷിച്ചതാണെന്ന് അവകാശപ്പെടുന്നതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. മുൻപ് വിഴിഞ്ഞത്തിനെതിരെ സമരം ചെയ്തവർ ആരെന്ന് എല്ലാവർക്കും അറിയാമെന്നും, ഇപ്പോൾ വീണ്ടും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി റെയ്ഡും കായിക മേഖലയിലെ വിവാദങ്ങളും മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കള്ളപ്രചാരണങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേമ പെൻഷൻ വിതരണത്തെക്കുറിച്ച് എതിരാളികൾ എൽ ഡി എഫിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കുറി പലർക്കും ക്ഷേമ പെൻഷൻ നഷ്ടപ്പെടുമെന്നും യു ഡി എഫ് സർക്കാരിന്‍റെ വീഴ്ചയാണ് ഇതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. ഓണം കഴിയുന്നതോടെ എത്രപേർക്ക് കൃത്യമായി ക്ഷേമ പെൻഷൻ ലഭിച്ചുവെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും കഴിഞ്ഞ സർക്കാരിനെതിരെ വ്യാജ വാർത്തകൾ പരത്തി ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വിവരിച്ചു.

നാടക വിവാദം അനാവശ്യം

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെയുള്ള വിവാദങ്ങളിലും ബാലഗോപാൽ പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു സ്ത്രീ അനുഭവിച്ച യാതനകളും പ്രശ്നങ്ങളുമാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. ഇതിനെതിരെ ആർ എസ് എസ്, സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് രംഗത്തുവന്നത്. ഇത്തരം ചരിത്രപരമായ വിഷയങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.