തിരുവനന്തപുരം:  കുന്നത്ത് നാട്ടിൽ നിലം നികത്താൻ ശ്രമിക്കുന്ന കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെട്ടെന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. വെറുക്കപ്പെട്ടവൻ എന്ന് വി എസ് വിളിച്ച വിവാദ വ്യവസായിയുടെ ബിനാമി സ്ഥാപനമാണ് കമ്പനിയെന്നും പ്രതിപക്ഷം ആരോപിച്ചു . ഉത്തരവ് റദ്ദാക്കിയ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആയിരുന്നു  റവന്യുമന്ത്രിയുടെ മറുപടി.

കുന്നത്ത് നാട് വില്ലേജിലെ 18 ഏക്കർ നിലം നികത്തലിന് അനുകൂലമായി ഇറക്കിയ സർക്കാർ ഉത്തരവ് മരവിപ്പിച്ച ശേഷം തുടർനടപടിയില്ലന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.  പക്ഷേ ഉത്തരവ് റദ്ദാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന നിലപാട് അവതരിപ്പിക്കുന്നതിൽ അവതാരകനായ വി പി സജീന്ദ്രന് പാളി. എന്നാൽ സജീന്ദ്രനെ പരോക്ഷമായി തിരുത്തിയ പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്ത് കമ്പനിക്ക് അനുകൂമായി ഉത്തരവ് ഇറക്കിയതിൽ അഴിമതി ആരോപിച്ച ചെന്നിത്തല ഉത്തരവ് മരവിപ്പിച്ച ശേഷം വീണ്ടും നിയമോപദേശം തേടുന്നതിലും സംശയം പ്രകടിപ്പിച്ചു.

ഇതുവരെ നടന്ന കാര്യങ്ങളും സർക്കാർ നടപടികളും വിശദീകരിച്ച റവന്യുമന്ത്രി പ്രതിപക്ഷ ആരോപണത്തോട് കാര്യമായി പ്രതികരിച്ചില്ല. സ്വന്തം ഓഫീസിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഉത്തരവ് റദ്ദാക്കി കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയം അവതരിപ്പിച്ച സജീന്ദ്രൻ സി പി ഐ മന്ത്രിമാർക്കെതിരെ നടത്തിയ പരാമർശം ഭരണപക്ഷത്തു നിന്നും ബഹളത്തിനിടയാക്കി. പരാമർശം രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ വിശദമാക്കി.