Asianet News MalayalamAsianet News Malayalam

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ: രാജിയുടെ പ്രശ്നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

കോടതി വരാന്തയിലെ വാദം ആണ് മുഖ്യമന്ത്രിയുടേത്. ചില വക്കീലന്മാർ കോടതി വരാന്തയിൽ നിന്ന് വാദിക്കും. അതാണ് മുഖ്യമന്ത്രി ചെയ്തത് - പ്രതിപക്ഷ നേതാവ് വിഡി സതീശൻ 

opposition demands resignation of sivankutty in assembly
Author
Thiruvananthapuram, First Published Jul 29, 2021, 11:11 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ രാജിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷപ്പോര്. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംഎൽഎ പി.ടി.തോമസ് നൽകിയ അടിയന്തരപ്രമേയാനുമതിയെ ചൊല്ലിയാണ് നിയമസഭയിൽ ഇരുപക്ഷങ്ങളും ഏറ്റുമുട്ടിയത്. സ‍ർക്കാരിൻ്റെ ഭാ​​ഗത്ത് വീഴ്ചയില്ലെന്നും കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ട‍ർക്ക് അവകാശമുണ്ടെന്നും അടിയന്തരപ്രമേയത്തിനെതിരെസംസാരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതിനെതിരെ രൂക്ഷവി‍മർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത് എത്തി. കോടതി വരാന്തയിൽ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അതേസമയം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്നും നിയമസഭയിലേക്ക് എത്തിയില്ല. ഇന്നലെയും അദ്ദേഹം സഭയിൽ വന്നിരുന്നില്ല. വൈറൽ പനി മൂലം മന്ത്രി വിശ്രമത്തിലാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. 

നിയമസഭയിൽ നേതാക്കൾ പറഞ്ഞത് 

മുഖ്യമന്ത്രി -  സുപ്രിം കോടതി വിധി അംഗികരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. കേസ് പിൻവലിക്കാൻ സ‍ർക്കാരിന് അവകാശമുഉണ്ടോയെന്ന കാര്യമാണ് കോടതിയിൽ പരിഗണിക്കപെട്ടത്. കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ട്.  സർക്കാർ നടപടി നിയമവിരുദ്ധമല്ല. പൊതുതാത്പര്യം മുൻ നിർത്തിയാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്. ഇത് ദുരുദ്ദേശപരമല്ല. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. സഭ നിർത്തി ചർച്ച ചെയ്യേണ്ട കാര്യമല്ല. കോടതി വിധിയിൽ സ്വാഭാവികമായ തുടർ നടപടിയുണ്ടാകും. രാഷ്ട്രീയം പ്രക്ഷുബ്ധമല്ലാതാകുമ്പോൾ ഇതുപോലുള്ള കേസുകൾ പിൻവലിക്കുന്നതിൽ തെറ്റില്ല. 

പി.ടി.തോമസ് - ഈ സംഭവം സഭയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കി. കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത വെള്ളിയാഴ്ചയാണിത്. മുഖ്യമന്ത്രിയുടെ  മറുപടി കേട്ടപ്പോൾ പ്രതിപക്ഷമാണോ പ്രതികൾ എന്ന് സംശയിച്ചു പോയി. ഞങ്ങളാണോ കോടതിയിൽ പോയതെന്ന് തോന്നും മുഖ്യമന്ത്രിയുടെ ന്യായം പറച്ചിൽ കേട്ടാൽ. കെഎം മാണിയുടെ ആത്മാവ് ഈ വിധിയിൽ സന്തോഷിക്കും.  ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണ് 2015-ലെ ബജറ്റ് ദിനത്തിൽ ശിവൻകുട്ടി നിയമസഭയിൽ അഴിഞ്ഞാടിയത്. 2,20,093 രൂപയുടെ നഷ്ടമുണ്ടായി.

ശിവൻകുട്ടിയുടെ ഉറഞ്ഞു തുള്ളൽ വിക്ടേഴ്‌സ് ചാനലിൽ കുട്ടികളെ കാണിക്കാവുന്നതാണ്. ആശാനക്ഷരമൊന്ന് പിഴച്ചാൽ എന്ന ചൊല്ല് പിണറായിയും ശിവൻകുട്ടിയെയും പറ്റിയാണ്. വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാർത്ഥികളുടെ മാതൃകയാക്കാൻ കഴിയുമോ. അധ്യാപക‍ർക്ക് നേതൃത്വം നൽകാൻ കഴിയുമോ? ഇതൊക്കെ കാണിച്ചാൽ വിദ്യാർത്ഥികൾ കോരിത്തരിക്കും. പൊതു മുതൽ നശിപ്പിച്ച മന്ത്രിക്ക് എങ്ങനെ ജനങ്ങളെ സംരക്ഷിക്കാനാകും.  പൊതു മുതൽ നശിപ്പിച്ച മന്ത്രിക്ക് എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാകും? കെഎം മാണി കൂടി ചേർന്ന കൊ‌ടുത്ത കേസിനെയാണോ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം ഇപ്പോൾ പിന്തുണയ്ക്കുന്നത് ? അതോ അതിനെതിരെ സർക്കാർ കൊടുത്ത കേസിനെയോ?  കേരളം കണി കണ്ട കള്ളനെന്ന് മാണിയെ വിശേഷിപ്പിച്ച സി പി എം  അദ്ദേഹത്തെ ഇപ്പോൾ വിശുദ്ധനാക്കി. 

മുഖ്യമന്ത്രി: ശിവൻകുട്ടി രാജിവയ്ക്കേണ്ട പ്രശ്നം ആയി കാണേണ്ടതില്ല. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കേണ്ട. നിയമസഭയിലെ വനിതാ അംഗങ്ങളുടെ പരാതി അന്നു തന്നെ പൊലീസിന് നൽകിയതാണ്. നിയമസഭയുടെ അന്തസ്സിന് ചേരാത്ത കാര്യത്തിൽ നടപടിക്ക് സ്പീക്കർക്ക് അധികാരമുണ്ട്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായത്. വനിത എംഎൽഎമാർക്ക് എതിരായ അതിക്രമത്തിൽ ക്രിമിനൽ കേസ് നൽകിയിട്ടില്ല. സഭാ അംഗങ്ങൾക്ക് ചില പ്രത്യക അധികാരം ഉണ്ട്. അത്തരത്തിലുള്ള പൊലീസ് നടപടികളും കോടതി വ്യവഹാരങ്ങളും സഭയ്ക്ക് നല്ലതാണോ എന്ന് ചിന്തിക്കണം. രാജ്യത്തെ പല നിയമസഭകളിലും പ്രക്ഷുബ്ധമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  അടിപിടി ഉണ്ടായിട്ടുണ്ട്. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.  ബീഹാർ നിയമസഭയിൽ ലാത്തി ചാർജ് നടത്തിയ പോലീസുകാർക്ക് എതിരെ ആണ് കേസ് എടുത്തത്.  

ഇന്ത്യൻ സഭ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്ത നടപടിക്കാണ് യുഡിഫ് ശ്രമിച്ചത്. ഇതൊരു പുതിയ സംഭവമായി പർവ്വതികരിച്ച് ചിത്രീകരിക്കണ്ടതില്ല. പാമോലിൻ കേസ് പിൻവലിച്ച സംഭവം നമ്മുടെ മുന്നിലുണ്ട്. സുപ്രിംകോടതി അതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അഴിമതി കേസ് പിൻവലിച്ചവരാണ് പുതിയ ന്യായികരണവുമായി വന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ലീലാ വിലാസം എന്താണെന്ന് നമ്മുക്കറിയാല്ലോ. കോടിക്കണക്കിന് രൂപയുടെ പാമൊലിൻ കേസ് സ്വന്തം നിലയ്ക്ക് പിൻവലിച്ചയാളാണ് ഉമ്മൻ ചാണ്ടി. സുപ്രിം കോടതി ആരേയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. സഭയിലെ കാര്യങ്ങൾ കേസിലേക് വലിച്ചിഴച്ചത് ശരിയല്ല. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ പാടില്ല.  അന്ന് സ്പീക്കർ തന്നെ പ്രതികളായ അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതാണ്. സഭയിലെ കാര്യങ്ങൾ സഭയിൽ തീരണം എന്നതാണ് രാജ്യത്തെ രീതി. സഭയിലെ പ്രശ്നങ്ങളിൽ സ്പീക്കർ നടപടി എടുത്തതാണ്. രാജിയുടെ പ്രശ്നം പോലും ഇവിടെ ഉദിക്കുന്നില്ല. ആരേയും സുപ്രീംകോടതി വിധിയിൽ പേരെടുത്ത് പറഞ്ഞിട്ടുമില്ല. 

വിഡി സതീശൻ:  കോടതി വരാന്തയിലെ വാദം ആണ് മുഖ്യമന്ത്രിയുടേത്. ചില വക്കീലന്മാർ കോടതി വരാന്തയിൽ നിന്ന് വാദിക്കും. അതാണ് മുഖ്യമന്ത്രി ചെയ്തത്. നിയമവിരുദ്ധമാണത്. സുപ്രീംകോടതി വിധിക്കെതിരായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഒരു മുഖ്യമന്ത്രിക്കും അതിനധികാരമില്ല. ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധം രേഖപെടുത്തുന്നു. വിചാരണ കോടതി തള്ളിയതാണ് സർക്കാർ വാദം. സർക്കാർ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ല. സെക്രട്ടറിയേറ്റിൽ കളവ് നടത്തി ഒരാളെ സസ്‌പെൻഡ് ചെയ്താൽ പിന്നെ വിചാരണ വേണ്ട എന്നാണോ രീതി. സഭയിൽ ഒരു കുറ്റകൃത്യം നടന്നാൽ അംഗങ്ങൾക്കും പ്രത്യകം പരിരക്ഷ കിട്ടുമോ?  പൊതു മുതൽ നശിപ്പിച്ച കുറ്റം എവിടെ വെച്ചു ചെയ്താലും വിചാരണ നേരിടണം. എംഎൽഎമാർക്ക്എന്താ കൊമ്പ് ഉണ്ടോ? കുറ്റവാളികളെ രക്ഷിക്കാൻ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീംകോടതിയിൽ പോയി. പാർട്ടിയാണ് വക്കീൽഫീസ് അടയ്ക്കേണ്ടത്. 
 

Follow Us:
Download App:
  • android
  • ios