Asianet News MalayalamAsianet News Malayalam

'അന്വേഷണം നടക്കുന്നതിനിടെ മേയറുടെ കത്ത് വ്യാജമെന്ന മന്ത്രിയുടെ കണ്ടെത്തല്‍ അധികാര ദുര്‍വിനിയോഗം' വി ഡി സതീശന്‍

പദവി ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ് കത്ത് വ്യാജമാണെന്ന കണ്ടെത്തല്‍ മന്ത്രി നിയമസഭയില്‍ നടത്തിയത്. കത്ത് വ്യാജമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ പിന്നെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നും പ്രതിപക്ഷ നേതാവ്

opposition leader against minister MB Rajesh version of mayor letter as Fabricated
Author
First Published Dec 5, 2022, 3:10 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്ക് വിടാതെ പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ സി.പി.എം സമാന്തര റിക്രൂട്ട്‌മെന്റ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സാഹചര്യത്തീലായിരുന്നു അദ്ദേഹം നിയമസഭില്‍ ഇങ്ങനെ പറഞ്ഞത്.  തിരുവനന്തപുരം നഗരസഭയിലെ 295 ഒഴിവുകളിലേക്ക് ആളുകളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല കത്ത് പുറത്തു വിട്ടത്. സി.പി.എമ്മിലെ വീതംവയ്പ്പിനെ കുറിച്ചുള്ള അധികരത്തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പുകളിലൂടെയാണ് കത്ത് പുറത്തായത്.

 മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഫോണില്‍ വിളിച്ചാണ് ആരോപണവിധേയനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇങ്ങനെയാണോ നീതി നടപ്പാക്കുന്നത്? ക്രൈംബ്രാഞ്ചോ മേയറോ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കത്ത് വ്യാജമെന്ന് മന്ത്രി പറഞ്ഞത്? കത്ത് വ്യാജമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ പിന്നെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്? പദവി ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ് കത്ത് വ്യാജമാണെന്ന കണ്ടെത്തല്‍ മന്ത്രി നിയമസഭയില്‍ നടത്തിയത്.

സംവരണമെന്ന ഭരണഘടനാതത്വം കാറ്റില്‍പ്പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയത് ജനങ്ങള്‍ക്കറിയം. മുഖ്യമന്ത്രിയുടെ വകുപ്പില്‍ മൂന്നൂറോളം പേരെയാണ് നിയമിച്ചത്. ധനമന്ത്രിയുടെ കീഴിലുള്ള സ്പാര്‍ക്കില്‍ 54 പേര്‍ക്ക് ജോലി നല്‍കി. പ്രൊഫഷണല്‍ എക്‌സേഞ്ചിനെ നോക്കുകുത്തിയാക്കി വ്യവസായ മന്ത്രി 1155 പേരെ നിയമിച്ചു. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന സമാന്തര റിക്രൂട്ട്‌മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പക്കാരെ നിരാശരാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. എല്ലായിടത്തും ഇത്രയധികം മര്‍ക്‌സിസ്റ്റ് വത്ക്കരണം നടന്ന കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios