വീഴ്ചയെ കുറിച്ച് ആരോഗ്യ മന്ത്രി അറിയണമെന്നില്ല.മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.മന്ത്രി യാതൊന്നും അറിയുന്നില്ല

തിരുവനന്തപുരം; മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ചെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ആരോഗ്യവകുപ്പിനെ സി പി എം ഹൈജാക്ക് ചെയ്തിരിക്കുന്നു.വീഴ്ചയെ കുറിച്ച് ആരോഗ്യ മന്ത്രി അറിയണമെന്നില്ല.മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.മന്ത്രി യാതൊന്നും അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദില്ലിയില്‍ മാധ്യമങ്ങളോടാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

നെഫ്രോളജി യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വി ഡി സതീശൻ ആരോപിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യുരിറ്റ് അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലെ കാത്ത് നില്‍പ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും വി ഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു.

ശസ്ത്രക്രിയ വൈകിയെന്ന് പരാതി

കാരക്കോണം സ്വദേശിയായ സുരേഷ് കുമാറാണ് (62) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെത്തിച്ചത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാൻ പൊലീസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച വൃക്ക, സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത് രാത്രി 9.30 ഓടെയാണെന്നാണ് ആരോപണം. കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നില്ലെന്നും ശസ്ത്രക്രിയ വൈകിയതാണ് മരണകാരണമെന്നുമാണ് ആരോപണം.

മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ലഭ്യമാകുന്ന അവയവം അത് ചേരുന്ന രോഗിയെ കണ്ടെത്തിയാണ് നൽകുന്നത്. പ്രായം, രോഗാവസ്ഥ ഇതെല്ലാം പരിഗണിച്ചാണ് അവയവം നൽകുക. ഇന്നലെ ലഭ്യമായ വൃക്കയുമായി മാച്ച് ചെയ്യുന്ന അനിൽകുമാറിനെ വിവരം അറിയിച്ച് വീട്ടിൽ നിന്ന് വരുത്തുകയായിരുന്നു. അറിയിപ്പ് കിട്ടി മണിക്കൂറുകൾക്കുള്ളിൽ സുരേഷ് കുമാർ ആശപത്രിയിലെത്തി. അതിനുശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് തയാറാക്കി. ഇതിന്‍റെ ഭാഗമായി ശരീരത്തിലെ വിസർജ്യങ്ങളടക്കം നീക്കം ചെയ്യാൻ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്,. പൂർണ തോതിൽ അല്ലാത്ത മിനി ഡയാലിസിസ് ആണ് നടത്തുക. അതേസമയം ഈ ഡയാലിസിസിന് താമസം നേരിട്ടെന്ന പരാതിയും ഉയരുന്നുണ്ട്

വൃക്കയുമായി എത്തിയ മെഡിക്കൽ സംഘത്തിന് അത് ഓപറേഷൻ തിയറ്റിലേക്ക് കൈമാറാൻ തിയറ്ററിനു മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു. ഓപറേഷൻ തിയറ്റിനുമുന്നിൽ 10 മിനിട്ടിലേറെ കാത്തെങ്കിലും അവയവം ഏറ്റുവാങ്ങാൻ നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലേയോ ഓപറേഷൻ തിയറ്ററിലെ ജീവനക്കാരോ എത്തിയില്ല. ഇവിടേയും കാലതാമസം ഉണ്ടായി. തുടർന്ന് ഐസിയുവിലാണ് അവയവം സ്വീകരിച്ചത്. നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലെ ഏകോപനക്കുറവാണ് ഈ കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അനദ്യോഗികമായി സമ്മതിക്കുന്നുണ്ട്. പിന്നീട് രാത്രിയോടെ ശസ്ത്രക്രിയ നടത്തി ഐ സി യുവിൽ പ്രവേശിപ്പിച്ച രോഗിക്ക് രക്തസ്രാവം ഉണ്ടായി. രക്ത സമ്മർദം താഴ്ന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. 

അതേസമയം ശസ്ത്രക്രിയ വൈകിയിട്ടില്ലെന്നും വീഴ്ച ഇല്ലെന്നും ആശുപത്രി അധികൃതർ വിശദികരിക്കുന്നു. ശസ്ത്രക്രിയ വൈകിയതല്ല മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു. ശസ്ത്രക്രിയ 8മണിയോടെ തുടങ്ങി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ നില ശസ്ത്രക്രിയക്ക് ശേഷം അതിഗുരുതരമായെന്നും രക്തസമ്മർദം താഴ്ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും വിശദീകരിക്കുന്നു. അതേസമയം അവയവം ഓപറേഷൻ തിയറ്ററിൽ സ്വീകരിക്കാത്തത് വീഴ്ചയായാണ് ആശുപത്രി അധികൃതർ കാണുന്നത്. ഓപറേഷൻ തിയറ്റർ ആ സമയം തുറക്കാത്തതിൻറെ വിശദീകരണം തേടിയിട്ടുണ്ട്. 

ആശുപതി തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട് . മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും അടങ്ങുന്ന സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.യൂറോളജി,നെഫ്രോളജി വകുപ്പ് തലവൻമാരേയും ഓപറേഷൻ തിയറ്ററിൻറെ ചുമതല ഉണ്ടായിരുന്ന നഴ്സുമാരെ അടക്കം വിളിച്ചുവരുത്തി വിശദീകരണം വാങ്ങുന്നുണ്ട്

ഇതിനിടെ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കൃത്യമായ ഊഷ്മാവിൽ , കോൾഡ് സ്റ്റോറേജ് ഒരുക്കി കൊണ്ടുവന്ന വൃക്ക 12 മണിക്കൂർ വരെ സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധര്ർ പറയുന്നു. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ വൈകിയതാണ് മരണ കാരണമെന്ന പരാതിയെ ആശുപത്രി അധികൃതരും ആരോഗ്യ വിദഗ്ധരും തള്ളുകയാണ്. അതേസമയം അവയവമാറ്റ ശസ്ത്രക്രിയക്കായി മാത്രം ഒരു സംഘം ഇല്ലാത്തതടക്കം സാങ്കേതിക പ്രശ്നങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടെന്നത് വാസ്തവമാണ്. ആ പ്രശ്നങ്ങൾ കലതാമസത്തിന് വഴി ഒരുക്കിയെന്നാണ് നിഗമനം.