ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്നായിരുന്നു വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
തൃശൂര്‍: ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന വി ഡി സതീശന്‍റെ അവകാശവാദത്തില്‍ പ്രതികരണവുമായി സിപിഎം മുതിര്‍ന്ന നേതാവ് എ സി മൊയ്തീൻ. പ്രതിപക്ഷ നേതാവിന് സ്വപ്നം കാണാൻ അവകാശം ഉണ്ടെന്ന് മൊയ്തീൻ പറഞ്ഞു. യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പുറത്ത് നിന്ന് വന്നവരാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്നായിരുന്നു വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോൽക്കുമെന്ന്. അതാണ് പേരിന് വന്നു പ്രചരണം നടത്തിയത്. കാപട്യങ്ങളുടെ പാർട്ടിയാണ് സിപിഎമ്മെന്നും സതീശൻ പറയുന്നു.
അതേസമയം, ചേലക്കരയിൽ എൽഡിഎഫിന് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. കള്ള പ്രചരണങ്ങൾ വിലപ്പോവില്ല. ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി, വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.
ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്
