ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി സന്ദർശിച്ചു.

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷാഫി പറമ്പിലിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് പൊലീസ് കാണിക്കുന്നത്. ഗ്രനേഡെറിയുന്നതിനൊക്കെ പ്രോട്ടോക്കോളുണ്ട്. ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത്? ഏത് പരിപാടിയിലാണ് എസ്പി പങ്കെടുത്തത്? ആരാണ് ഇവരെയൊക്കെ ഈ പരാപാടിക്ക് പറഞ്ഞുവിടുന്നത്? പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണം- വി ഡി സതീശൻ പറഞ്ഞു.

യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് സിപിഎം

ഷാഫി പറമ്പിലിന് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ പുതിയ ആരോപണവുമായി സിപിഎം. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ആരോപിച്ചു. ആദ്യം പൊട്ടിയത് കണ്ണീർ വാതകമല്ലെന്നും യുഡിഎഫ് പ്രവർത്തകർ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും സജീഷ് പറഞ്ഞു. പൊലീസിനിടയിൽ വീണ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് പലർക്കും പരിക്കേറ്റത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് ജീവനെടുക്കാനായിരുന്നു പദ്ധതി. എല്‍ഡിഎഫ് പ്രവര്‍ത്തകരില്ലാത്തതിനാല്‍ ആ പദ്ധതി നടന്നില്ലെന്നും സജീഷ് പറഞ്ഞു.