കരുമാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തത്.

ആലപ്പുഴ: ആലപ്പുഴ പറവൂരിൽ എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിൽ. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇരുവരും ചേർന്ന് നാളുകളായി ലഹരി കച്ചവടം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

ആലപ്പുഴ കരുമാടി സ്വദേശിയായ അഭിഭാഷകയും മകനും ഏറെ നാളായി ലഹരി ഇടപാട് നടത്തുന്നു എന്ന രഹസ്യവിവരം പൊലീസിനുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഡാൻസാഫ് സംഘവും പുന്നപ്ര പൊലീസും പറവൂരിൽ വച്ച് ഇവർ സഞ്ചരിച്ച കാറിൽ ഇന്ന് പരിശോധന നടത്തിയത്. അഭിഭാഷകയായ കെആർ സത്യമോൾ, മകൻ പത്തൊമ്പതു വയസുകാരൻ സൌരവ് ജിത്ത്മായിരുന്നു കറിൽ ഉണ്ടായിരുന്നത്. കാറിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച പത്ത് പായ്ക്കറ്റ് എംഡിഎംഎ കണ്ടെത്തി. അളന്നു തിട്ടപ്പെടുത്തി പാക്ക് ചെയ്യാനുള്ള ഉപകരണങ്ങളടക്കമാണ് പിടിച്ചെടുത്തത്. 

ചോദ്യം ചെയ്യലിൽ ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നത് വീട്ടിലാണെന്ന് വ്യക്തമായി. തുടർന്നാണ് ഇവരുടെ കരുമാടിയിലെ വീട്ടിൽ എത്തി പരിശോധന നടത്തിയത്. ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും കൂടുതൽ എംഡിഎംഎയും വീട്ടിൽ നിന്ന് പിടച്ചെടുത്തു. ഇരുവർക്കും ലഹരി എത്തിക്കുന്നവരെ കുറിച്ചും ഇടപാടുകാരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സൌരവ് ജിത്ത് വധശ്രമമടക്കമുള്ള കേസുകളിൽ പ്രതിയാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്