Asianet News MalayalamAsianet News Malayalam

വര്‍ഗീയതക്കെതിരായ പോരാട്ടം, പിന്തുണ വേണം; ഒന്നിച്ച് നിൽക്കാൻ സാംസ്കാരിക കേരളത്തിന് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

മതേതരത്വത്തില്‍ ഉറച്ച് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും പിന്തുണ വേണമെന്നുമാണ് കത്തിലെ ആവശ്യം. 
 

opposition leader sent letter to many saying demanding fight against communalism
Author
Trivandrum, First Published Sep 20, 2021, 5:21 PM IST

തിരുവനന്തപുരം: മതസൗഹാർദ്ദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടൽ അഭ്യർത്ഥിച്ച് സാംസ്കാരിക സാഹിത്യ സാമൂഹ്യ പ്രവർത്തകർക്കും കലാകാരന്മാർക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ച് കേരളത്തിന്‍റെ സമാധാനാന്തരീക്ഷം കാക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും പിന്തുണ വേണമെന്നുമാണ് കത്തിലെ ആവശ്യം. 

കത്ത് പൂർണ്ണരൂപത്തിൽ

നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകളും ചര്‍ച്ചകളും വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടാവുമല്ലോ. മുന്‍പില്ലാത്ത വിധം സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വിവിധ മതവിശ്വാസികള്‍ എക്കാലവും പരസ്പരം പുലര്‍ത്തിയിരുന്ന സ്‌നേഹ വിശ്വാസങ്ങള്‍ക്കും സാഹോദര്യത്തിനും പോറല്‍ ഏല്‍ക്കുന്നത് അത്യന്തം വേദനാജനകമാണ്. സമൂഹത്തെ ചേര്‍ത്ത് നിർത്തുന്ന ഇഴയടുപ്പങ്ങള്‍ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്. 

എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള അങ്ങ് ഈ ഘട്ടത്തില്‍ സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണം. അത്തരം ശ്രമങ്ങള്‍ക്ക് ഉപദേശവും പിന്തുണയും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് പാർട്ടിയും യുഡിഎഫും ആരംഭിച്ചത് അങ്ങയെ അറിയിക്കുന്നു. എല്ലാ പിന്തുണയും ഉണ്ടാകണം. സാംസ്‌കാരിക സാഹിത്യകാരന്മാർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios