സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്.

തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തിയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം ചെയ്തത് രജിസ്ട്രേഷൻ റദ്ദാക്കൽ മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തട്ടിപ്പിനിരയായ പാവങ്ങളെ വിവരം അറിയിച്ചിട്ടും ഇല്ലെന്നും ഖജനാവിലേക്ക് എത്തേണ്ട 200 കോടി തിരിച്ചുപിടിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇതേ തരത്തിൽ 1000 ത്തോളം തട്ടിപ്പ് നടക്കുന്നെന്ന് അനൗദ്യോഗികമായിട്ടാണ് വിവരം ലഭിച്ചിരിക്കുന്നത്. 

പല തലങ്ങളിൽ നിന്ന് പരാതി ഉയരുന്നുണ്ട്. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ജിഎസ്ടി ഡാറ്റ രജിസ്ട്രേഷൻ കുറ്റമറ്റതാക്കാനുള്ള നടപടി പോലും ഉണ്ടായില്ല. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തുന്നുവെന്നും ആരോപിച്ചു. 

1999ൽ 40 വർഷത്തെ ഗ്യാരണ്ടിയോട് കൂടി സ്വർണ്ണം പൂശിയത് എങ്ങനെയാണ് മങ്ങിയതെന്നായിരുന്നു സ്വര്‍ണ്ണപ്പാളി വിവാദത്തെക്കുറിച്ച് വി ഡി സതീശൻ പ്രതികരിച്ചത്. ഭാരക്കുറവ് കണ്ടെത്തിയിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ല? ദേവസ്വം ബോർഡുകളിലെ സ്പോൺസർമാരെ കുറിച്ച് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്