പിണറായി പരിണിത പ്രജ്ഞനായ നേതാവാണ്. ശൈലിയോടും നയത്തോടും മാത്രമാണ് എതിർപ്പെന്നും സതീശൻ വ്യക്തമാക്കി.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ല. പിണറായി പരിണിത പ്രജ്ഞനായ നേതാവാണ്. ശൈലിയോടും നയത്തോടും മാത്രമാണ് എതിർപ്പെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പറഞ്ഞു.
സിപിഎമ്മിലെ പോലെ ഒരു വടംവലിയും കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാൻ അവിടെ ആരുമില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസിൽ തർക്കമില്ലെന്നും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമായും ധാരണയുണ്ട്. ജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, 85 സീറ്റുകളിൽ ഒരേയൊരു പേരാണ് നേതാക്കൾ ചേർന്ന് നൽകിയതെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, മുൻകാലങ്ങളിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എനിക്ക് കിട്ടിയത് പോലും ലഭിക്കാത്തവരുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടക്കാത്തത്തിൽ വിഷമമുണ്ടായി. നഷ്ടപ്പെട്ടതിനെ ഓർത്ത് സങ്കടമില്ല. ഞാനിപ്പോൾ സംതൃപ്തനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് വിഡി സതീശൻ നൽകിയത്. പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്ലാച്ചിമടയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പായും ഉണ്ടാക്കുമെന്നും അവിടത്തെ പാവപ്പെട്ടവര്‍ നൽകിയ പണമാണ് കെട്ടിവെയ്ക്കുന്നതെന്നും വിഡി സതീഷൻ പത്രിക സമര്‍പ്പണത്തിന് മുന്‍പായി പ്രതികരിച്ചു. അവരുടെ പിന്തുണയും സ്നേഹവും ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് ഈ പണം സ്വീകരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.


